Saturday, July 18, 2009

താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് പറ, അപ്പോള്‍-

"ജൂണ്‍ 30-നാണ്. മധ്യപ്രദേശ്‌ മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൌഹാന്റെ 'മുഖ്യമന്ത്രി കന്യാ യോജന പദ്ധതി' പ്രകാരം 152 യുവതികള്‍ വിവാഹത്തിന് എത്തി. വിവാഹ മണ്ഡപത്തില്‍ എത്തിയപ്പോള്‍ ഒരു യുവതിക്ക് പ്രസവ വേദന തുടങ്ങി. തുടര്‍ന്നുള്ള പരിശോധനയില്‍ 14 യുവതികള്‍ ഗര്‍ഭിണികള്‍ ആണെന്നും തെളിഞ്ഞു. അവിടെ സംബന്ധിച്ച എല്ലാ സ്ത്രീകളുടെയും കന്യകാത്വം ഡോക്ടര്‍ വിലയിരുത്തി."


കൌമുദി സ്പെഷ്യല്‍ എന്ന പേരില്‍ ജൂലായ്‌ 16 നു കേരള കൌമുദി പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന ലേഖനത്തിന്റെ തുടക്കം ആണിത്. മറ്റു മാധ്യമങ്ങളും പ്രസ്തുത വാര്‍ത്ത എടുതെഴുതിയിരുന്നു. പക്ഷെ ഒരു കാര്യം, അതും സാമൂഹിക പ്രസക്തമായ, മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്ന ഒരു സംഭവം വായനക്കാരോട് പറയുമ്പോള്‍ പത്രങ്ങള്‍ സ്വീകരിച്ച നിലപാട് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഒരു വാര്‍ത്ത വായനക്കാരന്റെ മനസ്സില്‍ എത്ര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നതോ, അവനെ എത്ര ആശയക്കുഴപ്പത്തിലാക്കുന്നു എന്നതോ അല്ല അതിന്റെ വിജയം. അവന്റെ മനസിലെ എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നു എന്നതാണ്. പത്തു മാസം ഗര്‍ഭിണിയായ യുവതി അക്കാര്യം ആരും അറിയാതെ വിവാഹ മണ്ഡപത്തില്‍ എത്തിയെന്ന് പറയുന്നതു തന്നെ വല്ലാത്തൊരു അതിശയോക്തിയാണ്. പതിനാലു ഗര്‍ഭിണികള്‍ അതില്‍ സംബന്ധിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനസിലുയരുന്ന ഒരു ചോദ്യത്തിനും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രത്തിനും ഉത്തരമില്ലായിരുന്നു. ഒന്നുകില്‍ മിണ്ടാതിരിക്കുക, അല്ലെങ്കില്‍ വ്യക്തമാക്കുക. സാധാരണക്കാരനെന്ന പോലെ പത്രക്കാര്‍ക്കും ഈ സാമാന്യ മര്യാദ ബാധകമല്ലേ? അതോ മര്യാദകള്‍ ബാക്കിയുള്ളവര്‍ക്ക് മാത്രം മതിയെന്ന "ഫാസിസ്റ്റു" ചിന്ത പത്രങ്ങളെയും വിഴുങ്ങിയോ?

കഴിഞ്ഞ ആഴ്ച നേര് നേരത്തെ അറിയിക്കാനുള്ള ശ്രമത്തിനിടയില്‍ നമ്മുടെ ഒരു പ്രമുഖ പത്രത്തിന് പറ്റിയ അക്കിടിയും മറ്റൊന്നല്ല നമുക്കുമുന്നില്‍ വെളിവാക്കുന്നത്. നേരത്തെ അറിയിക്കുക എന്നത് മാത്രമായി എല്ലാവരുടെയും ലക്ഷ്യം. അതിനിടയില്‍ നേരിനെ എല്ലാവരും സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു, അവഗണിക്കുന്നു. കാരണം നേരിനു പലപ്പോഴും, ഒരു സെന്‍സേഷന്റെയോ ഗോസിപ്പിന്റെയോ മാധുര്യമോ വില്പന മൂല്യമോ കാണില്ലല്ലോ??? ആ ഓട്ടത്തിനുള്ള മെഡലാണ് പട്ടിയെ തിന്നു റെക്കോര്‍ഡിട്ട അമേരിക്കക്കാരന്റെ പടവും വാര്‍ത്തയും കൊടുത്തു ചുവപ്പന്‍ പത്രം നേടിയത്. എന്നും തിരുത്തലുകള്‍ മാത്രം ശീലമാക്കിയവര്‍ക്ക് ഒരു തിരുത്ത്‌ കൊണ്ടു മെഡല്‍ തിരിച്ചേല്‍പിക്കാം എങ്കിലും വായനക്കാരുടെ മനസ്സില്‍ നിന്നു മായ്ക്കാന്‍ തിരുത്തേണ്ടത് വാര്‍ത്തയല്ല, പകരം വാര്‍ത്തയോടുള്ള ഇപ്പോഴത്തെ മനോഭാവമാണ്. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കാന്‍ ഓടുന്ന വിധം ബോധമില്ലാതവരായി മാറിയിരിക്കുന്നു നമ്മുടെ പുതിയ പത്രപ്രവര്‍ത്തക തലമുറ എന്നതിന്റെ ഉത്തമോദാഹണങ്ങള്‍ ആണ് മേല്‍ വിവരിച്ച രണ്ടു സംഭവങ്ങളും.


കഴിഞ്ഞ പോസ്റ്റില്‍ കലാകൌമുദിയില്‍ ജിഷ എന്ന ലേഖിക എഴുതിയ ലേഖനത്തിലെ ആശയങ്ങളെക്കുറിച്ച് എഴിതിയ എന്റെ അഭിപ്രായങ്ങളോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ അയച്ച എല്ലാ സഹൃദയര്‍ക്കും നന്ദി. വ്യക്തിപരമായ ആക്രമണം കുറച്ചു കൂടിപ്പോയി എന്ന് കുറച്ചു പേരെങ്കിലും അഭിപ്രായപ്പെട്ടതിനോട് എനിക്കുള്ള മറുപടി ഞാന്‍ എവിടെ കുറിക്കട്ടെ. അതില്‍ "ജിഷ" എന്ന വ്യക്തിയെ അല്ല അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ആണ് വാദഗതികളെ ആണ് ഘണ്ടിക്കാന്‍ ശ്രമിച്ചത്. അതില്‍ തെല്ലും കുറ്റബോധം ഇല്ല. കാരണം അവര്‍ക്ക് അതില്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പുരുഷന്മാരെയും വിമര്‍ശിക്കാനും അപഹസിക്കാനും അവകാശമുന്ടെന്കില്‍ അങ്ങിനെ ചിന്തിക്കാത്തവരും ഈ ലോകത്തുണ്ടെന്ന് പറയാന്‍ മറ്റെതോരാള്‍ക്കും അവകാശമുണ്ട്‌. ചില "വിശാല ചിന്താഗതിക്കാരായ, സ്വാതന്ത്ര വീക്ഷണമുള്ള സീനിയര്‍ പത്ര പ്രവര്‍ത്തകരുടെ" യദാര്‍ത്ഥ സ്വാതന്ത്ര ബോധവും മനസിന്റെ വിശാലതയും തിരിച്ചറിയാന്‍ ഈ ലേഖനത്തിനായി എന്നത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. കുറഞ്ഞ പക്ഷം ഉള്ളിലെങ്കിലും അവര്‍ക്ക് ബോധ്യമായിക്കാണും സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് വേദനയും സമ്മാനിക്കുന്നുണ്ടെന്നു. പുറമെ സമ്മതിക്കാന്‍ ദുരഭിമാനം അനുവദിക്കില്ലെങ്കിലും.


ആ ലെഖനമെഴുതാനുള്ള പ്രധാന പ്രേരണ ആ കലാകൌമുദിയില്‍ തന്നെ ഉള്ള ലേഖനങ്ങളില്‍ എ. സജീവനും, അഡ്വ: രാധികയും ആ വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചത് കണ്ടപ്പോഴാണ്. ഒരു വിധം എല്ലാ മാധ്യമങ്ങളും ആ വിഷയത്തെക്കുറിച്ച് പക്വമായും പ്രസക്തമായും ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ചിരുന്നു. അതിന് ശേഷം വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കിഷോര്‍ കുമാറിന്റെ ലേഖനവും പ്രത്യേകം പ്രസ്താവ്യം. എന്നാല്‍ ജിഷയുടെ ലേഖനം വെളിച്ചത്തിന് നേരെ കണ്ണടച്ച് പുലമ്പുന്ന ഭ്രാന്തിയുടെ ജല്പനങ്ങള്‍ പോലെയായിപ്പോയത്തിലുള്ള ഖേദമാണ് നിങ്ങളുമായി പങ്കുവക്കാന്‍ ശ്രമിച്ചത്. സ്വവര്‍ഗ ലൈംഗികത ഒരു മിഥ്യ അല്ല. പൊള്ളുന്ന യാദാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ അതാണ്‌ സ്വാതന്ത്ര്യം കാംക്ഷിക്കുന്ന സ്ത്രീകള്‍ പിന്തുടരേണ്ട ഏക മാര്‍ഗം എന്ന് ഏതോ ഭൂതാവേശിതയെപ്പോലെ വിളിച്ചു പറയുമ്പോള്‍ കൂടെ ഉയര്‍ത്തിയ ന്യായങ്ങള്‍ തീര്‍ത്തും ബാലിശമായിപ്പോയി.


സ്വവര്‍ഗ അനുരാഗികള്‍ആരോടും പോരാടാണോ പകരം വീട്ടാനോ അല്ല ആ വഴി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കേണ്ടത്. ജീവിതത്തിന്റെ സംതൃപ്തി അതാണെന്ന് തോന്നുമ്പോള്‍ അതിനായി മാത്രമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഏതെങ്കിലും വായിക്കാനുള്ള സമയം ലേഖിക കണ്ടെത്തിയിരുന്നെങ്കില്‍ ഈ ജല്പനങ്ങള്‍ ഒഴിവാകുമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഒരാള്‍ എങ്ങനെ സ്വവര്‍ഗ ലൈംഗികത ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു എന്നതിന്റെ കാരണങ്ങളും അയാളുടെ മാനസിക വ്യാപരങ്ങളുമെല്ലാം വസ്തുനിഷ്ടമായിതന്നെ പ്രതിപാദിക്കുന്ന ഒരുപാടു ലേഖനങ്ങളും പുസ്തകങ്ങളും ഇറങ്ങിയിട്ടുള്ളതാണ്. ലേഖിക അതൊന്നും കാണാന്‍ ശ്രമിചിട്ടുണ്ടാവില്ല്ല എങ്കിലും വായനക്കാന്‍ ലെഖികയെപ്പോലെ ലോകത്തെ കുറിച്ചു സമൂഹത്തെക്കുറിച്ച് നിലപാടുകളോ അഭിപ്രായങ്ങളോ അവബോധമോ ഇല്ലാത്തവരാണെന്നു ധരിക്കരുത്. നാടകം പോലെ ഫാന്ടസിയാണ് ജീവിതമെന്നും ധരിക്കരുത്. വേദിയില്‍ ഒരു തുണി വീശി ഇതാണ് കാറ്റു എന്ന് പറഞ്ഞാല്‍ ഒരു വല കാണിച്ചു ഇതാണ് ആഗോള മുതലാളിത്തത്തിന്റെ കിരാത ഹസ്തങ്ങള്‍ എന്ന് പറഞ്ഞാല്‍ കാണികള്‍ സമ്മതിചെക്കാം. പക്ഷെ ആ ഒരു സങ്കല്‍പം യാഥാര്‍ത്യങ്ങളില്‍ വരുമ്പോള്‍ വെറും ഭ്രാന്തു മാത്രമായി മാറുകയാണ്. നാടകത്തില്‍ ബിംബങ്ങള്‍ വലുതാണ്‌. പക്ഷെ ജീവിതത്തില്‍ ബിംബങ്ങള്‍ക്ക് എത്ര വിലയുണ്ടെന്ന് നാടക നടി കൂടിയായ ലേഖിക മനസിലാക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്യങ്ങള്‍ പറയുമ്പോഴുള്ളതിനേക്കാള്‍ ശ്രദ്ധിക്കപ്പെടുക ഉട്ടോപ്യന്‍ ചിന്തകളുടെ കയറഴിച്ചു വിടുംബോഴാനെന്നു അവളെക്കൊണ്ട് പാവക്കൂത്ത് നടത്തുന്ന മിടുമിടുക്കര്‍ ചിന്തിച്ചിരിക്കാം. നടുറോഡില്‍ മാന്യമായി നടക്കുന്നവരെ ശ്രദ്ധിക്കുന്നവര്‍ കുറവായിരിക്കാം. തുണിയില്ലാതെ ഓടുന്ന ഒരാളെ എല്ലാവരും ശ്രദ്ധിച്ചെന്നും വരാം. പക്ഷെ ആ ശ്രദ്ധയുടെ മാനം എന്താണെന്ന് ആ മിടുമിടുക്കര്‍ ലേഖികയെ പറഞ്ഞു മനസിലാക്കിയിരുന്നെങ്കില്‍.


ഇവരുടെ പക്വതയില്ലായ്മയുടെയും ശൂന്യമായ സാമാന്യബോധത്തിന്റെയും മകുടോദാഹരണമായി ഒരു ലേഖനം കൂടെ കഴിഞ്ഞ ദിവസം കേരള കൌമുദിയില്‍ കൌമുദി സ്പെഷ്യല്‍ എന്ന പേരില്‍ വന്നു. സാധാരണ വല്ല കണ്ണീര്‍ കഥകളും പറഞ്ഞോതുക്കാറുള്ള സ്പെഷ്യല്‍ ഇത്തവണ കുറച്ചു എരിവും പുളിയും കൂട്ടിയെങ്കിലും കഷണങ്ങളില്ലാത്ത സാമ്പാര്‍ പോലെയായി ഇത്തവണ. (സ്പെഷ്യല്‍ എന്നത് എന്താണെന്നു മുന്‍പുണ്ടായിരുന്ന ധാരണകളൊക്കെ തിരുത്തിക്കുരിക്കേണ്ടി വരുന്നുണ്ട് കൌമുദിയിലെ സ്പെഷ്യല്‍ കാണുമ്പോള്‍) പരാമര്‍ശിക്കാന്‍ ലെഖികയുടെതായി അര വാക്കുപോലുമില്ല. എങ്കിലും മറ്റുള്ളവരുടെ വിഡ്ഢിത്തരങ്ങള്‍ അതെ പടി പകര്‍ത്തുമ്പോള്‍ കുറച്ചു സ്വന്തം ബുദ്ധി ഉപയോഗിക്കാം. പത്രത്തിന്റെ യശസ്സന് വായനക്കാര്‍ താളുകളിലുടനീളം തിരയുന്നതെന്നോര്‍ക്കുക. എന്തായാലും നിങ്ങള്‍ ആദ്യം ആ ലേഖനം ഒന്നു വായിക്കുക. എന്നിട്ട് ബാക്കി പറയാം.


മുകളില്‍ ബോള്‍ഡ് ആയ ലിപിയില്‍ ഒരു വാര്ത്ത കൊടുത്തിട്ടുണ്ട്‌. അതിനെ ഭര്‍ത്താക്കന്മാരുടെ സംശയങ്ങളും, ആത്മഹത്യകളും, വിവാഹ മോചനങ്ങളും ഒക്കെയുമായി ബന്ധിപ്പിക്കണം ലെഖികക്ക്. അതിന് തലകുത്തി മറിയുകയാണ് അവര്‍. പക്ഷെ കഷ്ടകാലമെന്നു പറയട്ടെ, അതിന്റെ സഹായത്തിനായി കൂട്ട് പിടിച്ചവരില്‍ ജസ്റിസ് ശ്രീദേവി മാത്രമാണ് വിഷയത്തെ കുറിച്ചു എന്തെങ്കിലും പറഞ്ഞതു. എങ്കിലും മറ്റു രണ്ടു പേരുടേയും ഗീര്‍വാണം ആവും ലേഖികയെ ഉന്മത്തയാക്കിയത്. കലാ കൌമുദിയില്‍ ഇവര്‍ എഴുതിയതിന്റെ ബാക്കി മണ്ടത്തരങ്ങള്‍ അവരുടെ വായിലൂടെ വന്നു എന്ന് മാത്രം. അതില്‍ വിനയ പറഞ്ഞതായി പറയുന്ന ഒരു പരാമര്‍ശം ഹൈലൈറ്റ് ചെയ്തിട്ടുണ്ട്.


"ആണ് തൊടാത്ത ഒരൊറ്റ പെണ്ണിനേയും ആണിന് കിട്ടരുത്"


വല്ലതും തിരിഞ്ഞോ. രണ്ടു മൂന്നു വട്ടം കൂടി ശ്രമിച്ചു നോക്കാം. അഞ്ചു തവണ തിരിച്ചും മറിച്ചും വായിച്ചിട്ട് എനിക്ക് മനസിലായില്ല. ആണ് തൊടാത്ത ഒരു പെണ്ണിനേയും ആണിന് കിട്ടരുതത്രേ!!! ആദ്യം തൊടുന്നത് ഒരാണ് തന്നെയാവണമെന്ന് വിനയ പറയുന്നുണ്ട്. അപ്പോള്‍ പിന്നെ ആണിന് കിട്ടരുതെന്നു പറയുന്നതിന്റെ സാംഗത്യം? ആ ജിഷയല്ലേ എഴുതുന്നത്. അത്രയല്ലേ സംഭവിച്ചുള്ളൂ എന്ന് സമാധാനിക്കാം. "സാമൂഹിക പ്രവര്‍ത്തക" ഗീത പറയുന്നു പുരുഷന്റെ ചാരിത്ര പരിശോധനയും നടത്തണമെന്ന്. ഒടുവില്‍ അവര്‍ തന്നെ പറയുന്ന്നുണ്ട് അത് അപമാനിക്കലാണെന്ന്. അങ്ങനെ ബോധമുള്ള ഒരാള്‍ സ്ത്രീയോടൊപ്പം പുരുഷനെയും അപമാനിക്കണം എന്നാണോ പറയുന്നതു???? നല്ല സാമൂഹിക പ്രവര്‍ത്തക തന്നെ!!! ഇത്തരം വിരോധാഭാസങ്ങള്‍ പടച്ചു വിടുന്ന ലേഖികയെ പത്രം പിന്നെയും പിന്നെയും സഹിക്കുമ്പോള്‍ ഓര്ക്കുക, നിങ്ങള്‍ നശിപ്പിച്ചു കൊണ്ടിരിക്കുന്നത് മഹത്തായ എഴുത്തിന്റെ ഒരു പാരമ്പര്യമാണ്. വിവാഹത്തിന് എത്തിയ 14 സ്ത്രീകള്‍ ഗര്‍ഭിണികള്‍ ആയിരുന്നല്ലോ എന്ന് ചോദിച്ചാല്‍ ഒരു പക്ഷെ ഇവര്‍ പറയുമായിരിക്കും, അത് പുരുഷന്മാര്‍ക്കെതിരെയുള്ള ഞങ്ങളുടെ പോരാട്ടത്തിന്റെ ഭാഗമാണെന്നു!!! സത്യത്തില്‍ എനിക്ക് അതെ പറ്റി തോന്നിയ ഒരു കാര്യം നിങ്ങളുമായി പങ്കു വക്കുകയാണ്. ശരിയാവണമെന്നില്ല. സമൂഹ വിവാഹത്തിന് ലഭിക്കാവുന്ന ആനുകൂല്യങ്ങള്‍ കിട്ടാന്‍ വേണ്ടി വന്ന ദമ്പതിമാര്‍ ആയിക്കൂടെ അവര്‍. തങ്ങളുടെ ബന്ധം നിയമ പ്രകാരം ഉറപ്പിക്കനെതിയവരും കണ്ടേക്കാം. അല്ലാതെ ഇങ്ങനെ ഒരു സംഭവം നടക്കുമോ?


വിനയയുടെ വിഖ്യാതമായ പ്രസ്താവന അവരെ മനപൂരവം അപകീര്‍ത്തിപ്പെടുത്താന്‍ വേണ്ടി ലേഖിക എഴിതിയതാണോ എന്നറിയില്ല. അങ്ങിനെ അല്ലെങ്കില്‍ ഇത്തരമൊരു അടിസ്ഥാനമില്ലാത്ത, യുക്തിയില്ലാത്ത മണ്ടന്‍ പരാമര്‍ശം ഹൈലൈറ്റ്‌ ചെയ്യേണ്ട ആവശ്യമുണ്ടായിരുന്നോ. ഇവരെപോലുള്ളവര്‍ പത്രതിലുന്ടെങ്കില്‍ അതുപോലെ സ്ഥലകാല ബോധമില്ലാതെ എന്തും എഴുതാനുള്ള സ്വാതന്ത്ര്യം കൊടുക്കുകയാണെങ്കില്‍ രണ്ടു കൊല്ലം കൊണ്ടു കിട്ടാവുന്ന കുപ്രസിദ്ധി തൊണ്ണൂറ്റെട്ടു വര്‍ഷങ്ങള്‍ കൊണ്ടു നേടിയ പ്രസിദ്ധിയുടെ നൂറിരട്ടി ആകും.കൌമുടിയെപ്പോലെ വേറിട്ട ഒരു പത്രം അത്ര ബുദ്ടിശൂന്യരല്ല നയിക്കുന്നതെന്നുള്ള വിശ്വാസം ഇനിയും നഷ്ടമാകാത്തത് കൊണ്ടു മാത്രമാണ് ഇത്തരം വിവരക്കേടുകളെ ക്ഷമിക്കുന്നതു. ആ അനുഭവ സമ്പന്നമായ ധിഷണയും നേതൃത്വവും ഇത്തരം കാളകളെ പറഞ്ഞു മനസിലാക്കും എന്ന് തന്നെ കരുതുന്നു. ഇല്ലെങ്കില്‍ പൂകളെക്കാള്‍ കൂടുതല്‍ കളകള്‍ നിറഞ്ഞ ഒരു തോട്ടക്കരെന്ന ദുഷ്പേര് മാറ്റിഎടുക്കാന്‍ ഒരു പാടു ബുദ്ടിമുട്ടെണ്ടി വരും. അധര്‍മ്മതിനും, അല്പപതരത്തിനും മുന്നില്‍ വളയാത്ത നട്ടെല്ല് എന്ന്കാത്തു സൂക്ഷിച്ചിട്ടുള്ള കൌമുദിയില്‍ ഇനിയും പ്രതീക്ഷകള്‍ ഉണ്ടെന്ന സത്യം മനസിലാക്കും എന്ന് തന്നെ കരുതട്ടെ.


പരസ്പര വിരുദ്ധമായ ആശയങ്ങളും നിലപാടുകളും അച്ചടിച്ചു നിരത്തുന്നത് കാണുമ്പോള്‍ വായനക്കാര്‍ക്ക് പെട്ടെന്ന് ഓര്മ്മ വരുന്നതു കുതിര വട്ടം പപ്പുവിന്റെ പ്രശസ്തമായ മൊഴിയാണ്. "താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് ചോദിക്ക്, അപ്പോള്‍ പറഞ്ഞു തരാം ഞാനാരാണെന്ന്. ഇനി ഞാനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് ചോദിക്ക്, അപ്പോള്‍ ഞാന്‍ പറഞ്ഞു തരാം , താനാരാണെന്ന്..." എന്തൊക്കെയായാലും പത്രാധിപരെ ഇവരോട്പൊറുക്കേണമേ... എന്തെന്നാല്‍ ഇവര്‍ ചെയ്യുന്നതെന്തെന്ന് ഇവര്‍ക്കറിയുന്നില്ല. കുറച്ചു നാള്‍ കൂടി ഈ മണ്ടത്തരങ്ങള്‍ വായനക്കാര്‍ ആസ്വദിചോട്ടെ......

Tuesday, July 14, 2009

സ്വവര്‍ഗരതി നിയമ വിധേയമാക്കിയത് ആര്‍ക്കു വേണ്ടി???

ആദ്യമേ പറയട്ടെ; ഈ കുറിപ്പ് സ്വവര്‍ഗ അനുരാഗത്തെയോ സ്വവര്‍ഗ രതിയെയോ പ്രത്യക്ഷമായോ പരോക്ഷമായോ ന്യായീകരിക്കാനോ വിമര്‍ശിക്കാനോ ലക്ഷ്യം വച്ചുള്ളതല്ല. അതിനെ കുറിച്ചുള്ള കാഴ്ചപ്പാടുകളെ കുറിച്ചു പിന്നീട് സംവദിക്കാം.

ഇന്നു എന്നെപ്പോലെ ഒരുപാടു പേരെ അത്ഭുതപ്പെടുത്തിയ ഒരു കാര്യം പറഞ്ഞു കൊണ്ടു തുടങ്ങാം. ആ വിധി (ബഹു: ഡല്‍ഹി ഹൈക്കോടതി വിധി) ഏറ്റവും ആഹ്ലാദഭരിതര്‍ ആക്കിയത് സ്വവര്‍ഗ അനുരാഗികളെയോ സ്വവര്‍ഗ രതിക്കായി നടക്കുന്നവരെയോ അല്ല എന്നതാണ് കുറച്ചു ദിവസങ്ങള്‍ ആയി കേരളം (അവരുടെ ഭാഷയില്‍ കപട സദാചാര വാദികളുടെ കേരളം; അവര്‍ ആരെന്നു വഴിയേ മനസിലാകും) അമ്പരപ്പോടെ കണ്ടു കൊണ്ടിരിക്കുന്നത്. ചാനലുകളിലും പത്രങ്ങളിലും ഇതേ പറ്റി വന്ന ചര്‍ച്ചകളിലും അഭിപ്രായങ്ങളിലും എല്ലാം പങ്കെടുത്തവര്‍ ആ നിയമത്തിന്റെ സംരക്ഷണം അനുഭവിക്കാന്‍ പോകുന്നവരായിരുന്നില്ല എന്നത് വളരെ രസകരം ആണ്.( ഒരു സന്ജീഷിനെ മാറി നിര്‍ത്താം) അപ്പോള്‍ പിന്നെ ഈ മുറവിളികളുടെ ലക്ഷ്യം എന്താണ്. ആ പാവങ്ങളുടെ പേരും പറഞ്ഞു അവരുടെ രക്ഷകരായി സ്വയം ചമഞ്ഞു അവരുടെ വഴികളെ പുല്‍കാന്‍ ഒരിക്കലും ഇഷ്ടപ്പെടാതെ ചുളുവില്‍ കുറച്ചു പ്രശസ്തിയും ശ്രദ്ധയും പിടിച്ചു പറ്റുക എന്നതല്ലാതെ? (പ്രശസ്തിയോ കുപ്രശസ്തിയോ എന്നത് വായനക്കാരുടെ മനോധര്‍മ്മത്തിനു വിടുന്നു) നാടകം ചെയ്തു ലോകം പൂങ്കാവനമാക്കാന്‍ മുട്ടി നടക്കുന്ന രണ്ടു "പത്ര പ്രവര്‍ത്തകര്‍" കിട്ടിയ തക്കം മുതലാക്കി അരങ്ങില്‍ ഇക്കിളിയുണര്‍ത്തുന്ന ആര്‍ക്കും മനസിലാകാത്ത തട്ടിക്കൂട്ട് ബുദ്ധിജീവിജാടകളുമായി പത്ര താളുകളിലും ചാനലുകളിലും കയറിക്കൂടാന്‍ കാണിച്ച അഭ്യാസത്തിന്റെ ശേഷിപ്പ് വാരികയുടെ താളില്‍ കണ്ണുരുട്ടി ഭയപ്പെടുതുമ്പോഴും ആ പാവങ്ങള്‍ക്ക് അതില്‍ നിന്നു എന്താണ് കിട്ടുന്നത്? അതിന്റെ തുടര്‍ച്ചയെന്നോണം കലാകൌമുദി 1767- ആം ലക്കത്തില്‍ കവര്‍ സ്റ്റോറി ആയി ജിഷ എഴുതിയ ലേഖനത്തിലെ ബാലിശമായ ചില ജല്പനങ്ങളും കണ്ടപ്പോള്‍ ഏറെ ശ്രമിച്ചിട്ടും രണ്ടു വാക്കു പറയാതിരിക്കാന്‍ ആവുന്നില്ല.

സ്വവര്‍ഗാനുരാഗത്തെ എതിര്‍ക്കുന്നത് ഫാസിസ്റ്റുകള്‍ ആണെന്നാണ്‌ ഏറെ കഷ്ടപ്പെട്ട് ലേഖിക കണ്ടെത്തിയിരിക്കുന്നത്. പറയുന്നതു ജിഷ എന്ന അനുഗ്രഹീത പത്ര പ്രവര്‍ത്തകയും അച്ചടിച്ചത് കലാകൌമുദി എന്ന ഗൗരവമുള്ള വാരികയും ആയതിനാല്‍ തെല്ലും അവിശ്വസിക്കേണ്ട. കാരണം ഫാസിസം എന്താണെന്ന് ലോകത്ത് ഏറ്റവും നന്നായി അറിയുന്നത് അവര്‍ക്കാണ്. മറിച്ച് പറയുന്നവരെല്ലാം ശുദ്ദ മണ്ടന്മാര്‍. കാരണം ഫാസിസത്തെക്കുറിച്ച് അവര്‍ക്കെന്തറിയാം!!! ഓര്‍മയില്‍ വരുന്നതു കുറച്ചു നാള്‍ മുന്‍പ് വിശുദ്ദ നളിനി ജമീല മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ "ബ്രാഹ്മണ്യത്തെ" പറ്റി ഘോരഘോരം വാചാലയായതാണ്.

അന്യരുടെ സ്വകാര്യതയെ കുറിച്ചു ലേഖിക വലിയ വായില്‍ പറയുമ്പോള്‍ വേശ്യയുടെ ചാരിത്രപ്രസംഗം പോലെയാണ് വായിക്കുന്നവര്‍ക്ക് തോന്നുന്നത്. ആരാണ് അന്യരുടെ സ്വകാര്യതയില്‍ ഒളിഞ്ഞു നോക്കുന്നവര്‍??? ലേഖിക അടക്കമുള്ള ഇവിടത്തെ പത്ര പ്രവര്‍ത്തകരല്ലെ??? എന്നിട്ട് ഞെളിഞ്ഞിരുന്നു സദാചാരത്തെ കുറിച്ചു വായിട്ടലച്ചു മലയാളിയുടെ സാംസ്‌കാരിക ബോധത്തിനെ കൊഞ്ഞനം കുത്തുന്നവര്‍ നഗര മധ്യത്തില്‍ സ്വന്തം ഉടുതുണിയാണ് പാറിചെറിയുന്നതെന്നോര്‍താല്‍ നന്ന്.

"സദാചാരത്തിന്റെ പൊന്‍ നൂലിഴകളാല്‍ പട്ടുടുപ്പിട്ടു നടക്കുമ്പോഴും ഒരു വിരല്‍ തുമ്പിന്റെ മറവില്‍ തുണി പൊക്കി നോക്കുന്ന സംസ്കാര ബോധം പുലര്‍ത്തുന്നവര്‍."

("വിരല്‍ തുമ്പിന്റെ മറവില്‍" എന്നത് ആവേശം കൂടി എഴുതിപോയതാവാം. വിരല്‍ തുമ്പ് കൊണ്ടു എന്നായിരുന്നെങ്കില്‍ അതിനൊരു അര്‍ത്ഥമെന്കിലും ഉണ്ടായേനെ. പോട്ടെ. എഴുതുന്നത് നമ്മുടെ ലെഖികയല്ലേ. ഇത്രയെങ്കിലും ഒപ്പിച്ചല്ലോ എന്ന് സമാധാനിക്കാം.) ഇവരെപോലെ നാണമില്ലാത്ത പത്രപ്രവര്‍ത്തകരുടെ ഇത്തരം അബദ്ദജടിലമായ ജല്പനങ്ങള്‍ കേള്‍ക്കുമ്പോള്‍ മന്തുള്ളവന്‍ സ്വന്തം കാല്‍ ചെളിയില്‍ പൂഴ്ത്തി മന്തില്ലാതവരെ മന്താ എന്ന് വിളിക്കുന്നത് പോലെ തോന്നിപ്പോകും. മറവില്‍ തുണി പൊക്കി നോക്കുന്ന സദാചാരവാദികളെന്ന് നിങ്ങള്‍ മലയാളിയെ തരം താഴ്ത്തുമ്പോള്‍ ഒന്നേ പറയാനുള്ള. മലയാളി അങ്ങനെ ആണെങ്കില്‍ നിങ്ങള്‍ അവരുടെ കൂട്ടികൊടുപ്പ്കാരാണ്. മാധ്യമ പ്രവര്‍ത്തകര്‍!!! രണ്ടു പേരുടെ സ്വകാര്യതയായ സ്വവര്‍ഗ രതിയെപ്പോലും ആഘോഷമാക്കി കവര്‍ സ്റ്റോറി ചെയ്യുന്ന മാധ്യമങ്ങള്‍!!! മലയാളിയെ ശരിയായി വിലയിരുതണമെങ്കില്‍ ആദ്യം നിങ്ങള്‍ ആ മഞ്ഞ കണ്ണട ഒന്നു മാറ്റുക. നിങ്ങള്‍ക്കും നിങ്ങളുടെ കാഴ്ചക്കും ബാധിച്ച തിമിരമാണ് ഒരു പരിധി വരെ നേരത്തെ നിങ്ങള്‍ തന്നെ പറഞ്ഞ ആ സാംസ്കാരിക ബോധം.

സ്വവര്‍ഗ രതിക്ക് നിയമത്തിന്റെ പരിരക്ഷയുണ്ടെങ്കിലും ഇവിടത്തെ മൂല്യ ബോധനകള്‍ക്ക് അടങ്ങി ഇരിക്കാനാവില്ലെന്നു ലേഖിക പറയുന്നു. സ്ത്രീയും പുരുഷനും ഹോട്ടലില്‍ മുറിയെടുക്കാന്‍ ചെന്നാല്‍ മുറി തരാത്തതാണ് നമ്മുടെ സദാചാര ബോധമെന്ന 'എഴുത്തുകാരനായ' (???) സിവിക് ചന്ദ്രന്റെ അഭിപ്രായം ലേഖിക എടുതെഴുതിയിട്ടുണ്ട്. പക്ഷെ ലേഖികയെ ഒന്നു ഓര്‍മിപ്പിക്കാന്‍ ആഗ്രഹിക്കുകയാണ്. മലയാളിയുടെ ഇനിയും അസ്തമിചിട്ടില്ലാത്ത സദാചാര ബോധം തന്നെയാണ് അവര്ക്കു മുറി കിട്ടാതെ പോകുന്നതിന്റെ കാരണം. അതിന് കാരണം ആ എഴുത്തുകാരന് ഏറ്റവും വലിയ പരിചയകാരായ നളിനി ജമീലമാര്‍ ഉണ്ടാക്കിയ കുപ്രസിദ്ധി തന്നെയാണെന്ന് മലര്‍ന്നു കിടന്നു തുപ്പുന്ന ശ്രീ ചന്ദ്രന്‍ കാണാതെ പോവുന്നത് മൂന്നാം കണ്ണുള്ള നിങ്ങള്‍ മാധ്യമാക്കാരും കാണാതെ പോവുകയാണോ!!!

കോട്ടയത്ത്‌ രണ്ടു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്തത് നിങ്ങള്‍ പത്രക്കാര്‍ ആഘോഷിചിട്ടുണ്ടാകാം. അതാണ്‌ ഇത്ര ഓര്‍മ്മയോടെ എടുത്തെഴുതിയത്. എന്നിട്ട് അതിനും പഴി മലയാളി സമൂഹത്തിനെ. നല്ല മാധ്യമ ധര്‍മ്മം തന്നെ.

ഇന്ദ്രിയാനുഭൂതികളുടെ കാഴ്ചകളിലേക്ക് പുരുഷാവയവം നില്ക്കുന്ന ഒരു കാഴ്ച ലേഖിക കാണുന്നുണ്ട്. സ്വവര്‍ഗാനുരാഗത്തെക്കുറിച്ച് ഉള്ള വിധിയെ പറഞ്ഞു ഒടുവില്‍ അത് സ്വവര്‍ഗാനുരാഗം എന്നത് പുരുഷനെതിരെ പോരാടാന്‍ സ്ത്രീക്കുള്ള ആയുധം ആണെന്ന അബദ്ദ ധാരണയിലൂടെ എഴുത്ത് തുടരുന്ന ലേഖികയോട് ഒരു ചോദ്യം!!! സ്ത്രീകള്‍ മാത്രമുള്ള ലൈംഗികത മാത്രമാണോ സ്വവര്‍ഗ ലൈംഗികത എന്ന് പറയുന്നതു. പരസ്പരം പോരാടാനുള്ള വഴിയായി ഈ ബന്ധത്തെ കാണുന്ന ലേഖിക എത്ര നിസ്സാരമായാണ് ആ ബന്ധത്തെ കാണുന്നതെന്നാണ് വെളിവാക്കുന്നത്. ഒരു സ്ത്രീയും; ലേഖിക ഒഴിച്ച്; സ്വവര്‍ഗ ലൈംഗികത പുരുഷന്മാരോടുള്ള പോരാട്ടമാണെന്ന് പറയില്ല. അവര്ക്കു മനസിലെ സ്നേഹമാണ് അങ്ങനെ ഒരു ബന്ധത്തിന്റെ ആധാരം. തന്നെയുമല്ല ആ ഒരു അവസ്ഥയിലേക്ക് എത്ര സ്ത്രീകള്‍ എത്തുന്നുണ്ട്. നിസ്സാരം. അതും ചില സാഹചര്യങ്ങള്‍ കൊണ്ടു. അല്ലാതെ ലേഖിക പറയുമ്പോലെ പുരുഷ മേധാവിത്വത്തിനെതിരെ വാലോങ്ങാനായി ആരും സ്വവര്ങാനുരാങിയാവുന്നില്ല. മനസ്സില്‍ അന്ധമായ വിദ്വേഷവും അബദ്ദ ധാരണകളും വച്ചു പുലര്‍ത്തുന്ന ലെഖികക്ക് അത് കാണാനാവാതെ പോകുന്നതില്‍ സഹതാപം മാത്രം. ലേഖിക കാണാതെ പോയ ഒരു കാര്യം കൂടി ചൂണ്ടി കാട്ടട്ടെ. ഇവിടെ ആ വിധി വന്നപ്പോള്‍ ആഹ്ലാദ പ്രകടനം നടത്തിയവരില്‍ പുരുഷന്മാരെ നമ്മള്‍ കണ്ടു. എന്നാല്‍ സ്ത്രീകളെ ലേഖിക എവിടെയെങ്കിലും കണ്ടിരുന്നോ? ലെഖികക്ക് ചില കാഴ്ചകള്‍ മാത്രമാണല്ലോ എന്നും പഥ്യം.

ബാലിശമായ മറ്റൊരു വാദഗതി കൂടി ഉന്നയിച്ചു ലേഖിക തന്റെ അല്പത്തരം വിശദമാക്കുന്നുണ്ട്. സ്വവര്‍ഗ ലൈംഗികതയില്‍ ലിംഗ പ്രവേശം നടത്തുന്ന ആള്‍ മാത്രമെ കുറ്റക്കാര്‍ ആകൂ എന്ന് നിയമത്തിന്റെ പഴുതുണ്ടാത്രേ. അപ്പോള്‍ സ്ത്രീകള്‍ ആ നിയമത്തിന്റെ പരിധിയില്‍ വരുന്നില്ല പോലും. ജിഷ എല്ലാ നിയമങ്ങളും അരച്ച് കലക്കി കുടിച്ച ആള്‍ ആയതിനാല്‍ അവിശ്വസിക്കേണ്ട കാര്യമില്ലല്ലോ!!!

(അടുത്ത കാര്യങ്ങള്‍ പറയും മുന്‍പ്‌ ലേഖനത്തിന്റെ അവസാന രണ്ടു ഘണ്ടിക വായിക്കാന്‍ താത്പര്യപ്പെടുന്നു. ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ അത് വായിക്കാവുന്നതാണ്.)

ചിലപ്പോഴെങ്കിലും ഉച്ചിഷ്ടം വീണ്ടും വീണ്ടും ഭക്ഷിക്കുന്നത് പോലെയാണ് ഭാര്യ പദം ലേഖിക കുണ്ടിതപ്പെടുന്നുണ്ട്. സ്വന്തം അച്ഛനില്‍ നിന്നും കുഞ്ഞിനെ പ്രസവിക്കേണ്ടി വരുന്നതിന്റെയും പെണ്‍ വാണിഭവും ഒളിച്ചോട്ടവും ആത്മഹത്യയും വര്ധിക്കുന്നതിന്റെയും സദാചാര കുതുകികള്‍ മൌനം പാളിക്കുന്നതിന്റെയും ഒക്കെ ചോദ്യങ്ങള്‍ ലേഖിക ഉയര്‍ത്തുന്നുണ്ട്. കോടതി വിധിയും സ്വവര്‍ഗ ലൈംഗികതയെ പറ്റിയുള്ള ഈ ലേഖനവും നേരത്തെ ഉയര്‍ത്തിയ ചോദ്യങ്ങളുമായി എന്ത് ബന്ധം??? "വായില്‍ തോന്നിയത് കോതക്ക് പാട്ടു" എന്നപോലെ എന്തൊക്കെയോ പുലമ്പുന്നു. പിന്നെ ഒരു കാര്യതിനുതരം പറയാം. സദാചാര കുതുകികള്‍ ഉണര്‍ന്നത് നിങ്ങള്‍ കാണാതെ പോവുകയാണോ? എന്നും അത്തരം സംഭവങ്ങള്‍ ഉണ്ടാകുമ്പോള്‍ സമൂഹത്തിന്റെ സ്വരം ഉയരുന്നുണ്ട്. അത് കേള്‍ക്കാതെ പോയതിനു നിങ്ങള്‍ മറ്റുള്ളവരെ പഴിചിട്ടെന്തു കാര്യം. ബധിരന്‍ റേഡിയോയുടെ ശബ്ദം കേള്‍ക്കുന്നില്ല എന്ന് പറയം പോലെ!!!!

ഏറ്റവും ഒടുവിലായി "ആദ്യ രാത്രി കന്യാചര്‍മ്മം പൊട്ടിയോ എന്ന് ടോര്‍ച്ചടിച്ചു നോക്കുന്ന പുരുഷന്മാരുടെ വാക്കുകള്‍ അറ്റ് പോകുന്നതും സ്വാഭാവികം" എന്നൊരു പ്രയോഗമുണ്ട്. ഇത്തരം അനുഭവം ലേഖികയോട് കേരളത്തിലെ ഒരു സ്ത്രീയെന്കിലും പറഞ്ഞിട്ടുണ്ടോ? സ്വന്തം അനുഭവം ചിലപ്പോള്‍ ഉണ്ടാകാം. എന്നാല്‍ എല്ലാവരും താന്‍ കരുതുന്നത് പോലെ തന്നെയാണെന്ന് ധരിച്ചു വശമാകരുത്. വികലമായ സ്വന്തം ഭാവനകളല്ല യാധര്ത്യലോകമെന്നു ആദ്യം തിരിച്ചറിയുക. പത്ര പ്രവര്‍ത്തകക്കു സംമോഹിക ബോധതോടൊപ്പം ഉണ്ടാവേണ്ട കാര്യമാണ് സമൂഹത്തോടുള്ള ബഹുമാനവും. ലേഖിക അത് തീരെ പ്രകടിപ്പിക്കുന്നില്ലെന്ന് മാത്രമല്ല സമൂഹത്തിനു മേല്‍ തന്റെ കുറ്റങ്ങള്‍ മുഴുവന്‍ ചാരാന്‍ ശ്രമിക്കുകയും ചെയ്യുന്നു. സ്വന്തം മനസിന്റെ ഭ്രാന്തന്‍ ചിന്തകള്‍ വിളിച്ചു കൂവുമ്പോള്‍ തൊണ്ട തൊടാതെ വിഴുങ്ങാന്‍ മാത്രം മാധ്യമ പ്രവര്‍ത്തകരെ പോലെ അന്ധരോ ബധിരരോ അല്ല ജനങ്ങള്‍ എന്നറിയുക. എങ്ങിനെയും പ്രശസ്തി ഉണ്ടാക്കുക എന്നത് ലക്ഷ്യമാവുമ്പോള്‍ മാത്രമാണ് ഇത്തരം പാഴ്ശ്രമങ്ങള്‍ക്ക് പെടാപാട് പെടേണ്ടി വരുന്നതു. അതെല്ലാം അല്പായുസ്സുക്കള്‍ ആണെന്ന് മനസിലാവുംബോഴേക്കും ഒരു പക്ഷെ തിരുച്ചു വരാനാവാത്ത വിധം അകലങ്ങളില്‍ വഴിതെറ്റി അലഞ്ഞിരിക്കും.

കപട സദാചാരം എന്നത് വാക്കില്‍ ഒന്നും പ്രവൃത്തിയില്‍ മറ്റൊന്നും കാണിക്കുന്നവുടെ സ്വഭാവ സവിശേഷത ആണ്. അത് കൊണ്ടു തന്നെ ആ വാക് ഏറ്റവും യോജിക്കുക ലെഖികക്ക് തന്നെയാണ്. പിന്നെ അവസരങ്ങളെ മുതലെടുത്ത്‌ നിഷ്കരുണം സ്വന്തം കരിയറും പേരും മാത്രം ശ്രട്ടിക്കപ്പെടാന്‍ ഉപയോഗിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും ന്യൂന പക്ഷങ്ങളുടെ രക്ഷകര്‍ ആയി സ്വയം അവതാരം കൊണ്ടിട്ടുള്ള കുറച്ചു ഇത്തിക്കണ്ണികള്‍ക്കുമാണ്. എന്താ ശരിയല്ലേ????

ഒടുവില്‍ ഒരു കാര്യം കൂട് പറഞ്ഞു നിര്‍ത്താം. യാടാര്ത്യബോധം ഒട്ടും ഇല്ലാത്ത ഈ ലേഖനത്തില്‍ ഒരു നോവലിന്റെ മുഖചിത്രം കൊടുത്തിട്ടുണ്ട്‌. ലേഖനത്തില്‍ നോവലിനെ കുറിച്ചോ രചയിതാവിനെക്കുരിച്ചോ, അതിന്റെ കഥയെക്കുറിച്ചോ ഒന്നും പരാമര്‍ശമേ ഇല്ല. എന്തിനാണ് പിന്നെ ആ ചിത്രം കൊടുത്തതെന്ന് ഒട്ടും മനസിലാവുന്നില്ല. ലേഖനം തന്നെ അടിസ്ഥാനം ഇല്ലാത്ത സങ്കല്പങ്ങളെ കുറിച്ചു ആവുമ്പോള്‍ ചിത്രവും അങ്ങിനെ ആകട്ടെ എന്ന് എഡിറ്റര്‍ കരുതിക്കാണുമോ ആവോ?

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP