താനാരാണെന്ന് തനിക്കറിയില്ലേല്‍ താനെന്നോട് പറ, അപ്പോള്‍-
കൌമുദി സ്പെഷ്യല്‍ എന്ന പേരില്‍ ജൂലായ് 16 നു കേരള കൌമുദി പത്രത്തില്‍ പ്രാധാന്യത്തോടെ വന്ന ലേഖനത്തിന്റെ തുടക്കം ആണിത്. മറ്റു മാധ്യമങ്ങളും പ്രസ്തുത വാര്‍ത്ത എടുതെഴുതിയിരുന്നു. പക്ഷെ ഒരു കാര്യം, അതും സാമൂഹിക പ്രസക്തമായ, മനുഷ്യാവകാശ പ്രശ്നങ്ങളിലേക്ക് വഴി തെളിക്കുന്ന ഒരു സംഭവം വായനക്കാരോട് പറയുമ്പോള്‍ പത്രങ്ങള്‍ സ്വീകരിച്ച നിലപാട് എന്നെ ഏറെ അത്ഭുതപ്പെടുത്തുന്നു. ഒരു വാര്‍ത്ത വായനക്കാരന്റെ മനസ്സില്‍ എത്ര ചോദ്യങ്ങള്‍ ഉയര്‍ത്തുന്നു എന്നതോ, അവനെ എത്ര ആശയക്കുഴപ്പത്തിലാക്കുന്നു എന്നതോ അല്ല അതിന്റെ വിജയം. അവന്റെ മനസിലെ എത്ര ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാന്‍ കഴിയുന്നു എന്നതാണ്. പത്തു മാസം ഗര്‍ഭിണിയായ യുവതി അക്കാര്യം ആരും അറിയാതെ വിവാഹ മണ്ഡപത്തില്‍ എത്തിയെന്ന് പറയുന്നതു തന്നെ വല്ലാത്തൊരു അതിശയോക്തിയാണ്. പതിനാലു ഗര്‍ഭിണികള്‍ അതില്‍ സംബന്ധിച്ചു എന്ന് കേള്‍ക്കുമ്പോള്‍ മനസിലുയരുന്ന ഒരു ചോദ്യത്തിനും ആ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത ഒരു പത്രത്തിനും ഉത്തരമില്ലായിരുന്നു. ഒന്നുകില്‍ മിണ്ടാതിരിക്കുക, അല്ലെങ്കില്‍ വ്യക്തമാക്കുക. സാധാരണക്കാരനെന്ന പോലെ പത്രക്കാര്‍ക്കും ഈ സാമാന്യ മര്യാദ ബാധകമല്ലേ? അതോ മര്യാദകള്‍ ബാക്കിയുള്ളവര്‍ക്ക് മാത്രം മതിയെന്ന "ഫാസിസ്റ്റു" ചിന്ത പത്രങ്ങളെയും വിഴുങ്ങിയോ?
കഴിഞ്ഞ ആഴ്ച നേര് നേരത്തെ അറിയിക്കാനുള്ള ശ്രമത്തിനിടയില്‍ നമ്മുടെ ഒരു പ്രമുഖ പത്രത്തിന് പറ്റിയ അക്കിടിയും മറ്റൊന്നല്ല നമുക്കുമുന്നില്‍ വെളിവാക്കുന്നത്. നേരത്തെ അറിയിക്കുക എന്നത് മാത്രമായി എല്ലാവരുടെയും ലക്ഷ്യം. അതിനിടയില്‍ നേരിനെ എല്ലാവരും സൌകര്യപൂര്‍വ്വം വിസ്മരിക്കുന്നു, അവഗണിക്കുന്നു. കാരണം നേരിനു പലപ്പോഴും, ഒരു സെന്‍സേഷന്റെയോ ഗോസിപ്പിന്റെയോ മാധുര്യമോ വില്പന മൂല്യമോ കാണില്ലല്ലോ??? ആ ഓട്ടത്തിനുള്ള മെഡലാണ് പട്ടിയെ തിന്നു റെക്കോര്‍ഡിട്ട അമേരിക്കക്കാരന്റെ പടവും വാര്‍ത്തയും കൊടുത്തു ചുവപ്പന്‍ പത്രം നേടിയത്. എന്നും തിരുത്തലുകള്‍ മാത്രം ശീലമാക്കിയവര്‍ക്ക് ഒരു തിരുത്ത് കൊണ്ടു മെഡല്‍ തിരിച്ചേല്‍പിക്കാം എങ്കിലും വായനക്കാരുടെ മനസ്സില്‍ നിന്നു മായ്ക്കാന്‍ തിരുത്തേണ്ടത് വാര്‍ത്തയല്ല, പകരം വാര്‍ത്തയോടുള്ള ഇപ്പോഴത്തെ മനോഭാവമാണ്. കാള പെറ്റെന്നു കേട്ടാല്‍ കയറെടുക്കാന്‍ ഓടുന്ന വിധം ബോധമില്ലാതവരായി മാറിയിരിക്കുന്നു നമ്മുടെ പുതിയ പത്രപ്രവര്‍ത്തക തലമുറ എന്നതിന്റെ ഉത്തമോദാഹണങ്ങള്‍ ആണ് മേല്‍ വിവരിച്ച രണ്ടു സംഭവങ്ങളും.
കഴിഞ്ഞ പോസ്റ്റില്‍ കലാകൌമുദിയില്‍ ജിഷ എന്ന ലേഖിക എഴുതിയ ലേഖനത്തിലെ ആശയങ്ങളെക്കുറിച്ച് എഴിതിയ എന്റെ അഭിപ്രായങ്ങളോട് അനുകൂലിച്ചും പ്രതികൂലിച്ചും അഭിപ്രായങ്ങള്‍ അയച്ച എല്ലാ സഹൃദയര്‍ക്കും നന്ദി. വ്യക്തിപരമായ ആക്രമണം കുറച്ചു കൂടിപ്പോയി എന്ന് കുറച്ചു പേരെങ്കിലും അഭിപ്രായപ്പെട്ടതിനോട് എനിക്കുള്ള മറുപടി ഞാന്‍ എവിടെ കുറിക്കട്ടെ. അതില്‍ "ജിഷ" എന്ന വ്യക്തിയെ അല്ല അവര്‍ മുന്നോട്ടു വച്ച ആശയങ്ങളെ ആണ് വാദഗതികളെ ആണ് ഘണ്ടിക്കാന്‍ ശ്രമിച്ചത്. അതില്‍ തെല്ലും കുറ്റബോധം ഇല്ല. കാരണം അവര്‍ക്ക് അതില്‍ അറിയുന്നതും അറിയാത്തതുമായ എല്ലാ പുരുഷന്മാരെയും വിമര്‍ശിക്കാനും അപഹസിക്കാനും അവകാശമുന്ടെന്കില്‍ അങ്ങിനെ ചിന്തിക്കാത്തവരും ഈ ലോകത്തുണ്ടെന്ന് പറയാന്‍ മറ്റെതോരാള്‍ക്കും അവകാശമുണ്ട്. ചില "വിശാല ചിന്താഗതിക്കാരായ, സ്വാതന്ത്ര വീക്ഷണമുള്ള സീനിയര്‍ പത്ര പ്രവര്‍ത്തകരുടെ" യദാര്‍ത്ഥ സ്വാതന്ത്ര ബോധവും മനസിന്റെ വിശാലതയും തിരിച്ചറിയാന്‍ ഈ ലേഖനത്തിനായി എന്നത് എന്നെ കുറച്ചൊന്നുമല്ല ആഹ്ലാദിപ്പിക്കുന്നത്. കുറഞ്ഞ പക്ഷം ഉള്ളിലെങ്കിലും അവര്‍ക്ക് ബോധ്യമായിക്കാണും സ്വാതന്ത്ര്യം മറ്റുള്ളവര്‍ക്ക് വേദനയും സമ്മാനിക്കുന്നുണ്ടെന്നു. പുറമെ സമ്മതിക്കാന്‍ ദുരഭിമാനം അനുവദിക്കില്ലെങ്കിലും.
ആ ലെഖനമെഴുതാനുള്ള പ്രധാന പ്രേരണ ആ കലാകൌമുദിയില്‍ തന്നെ ഉള്ള ലേഖനങ്ങളില്‍ എ. സജീവനും, അഡ്വ: രാധികയും ആ വിഷയത്തെ പക്വതയോടെ അവതരിപ്പിച്ചത് കണ്ടപ്പോഴാണ്. ഒരു വിധം എല്ലാ മാധ്യമങ്ങളും ആ വിഷയത്തെക്കുറിച്ച് പക്വമായും പ്രസക്തമായും ലേഖനങ്ങള്‍ പ്രസിദ്ദീകരിച്ചിരുന്നു. അതിന് ശേഷം വന്ന മാതൃഭൂമി ആഴ്ചപ്പതിപ്പിലെ കിഷോര്‍ കുമാറിന്റെ ലേഖനവും പ്രത്യേകം പ്രസ്താവ്യം. എന്നാല്‍ ജിഷയുടെ ലേഖനം വെളിച്ചത്തിന് നേരെ കണ്ണടച്ച് പുലമ്പുന്ന ഭ്രാന്തിയുടെ ജല്പനങ്ങള്‍ പോലെയായിപ്പോയത്തിലുള്ള ഖേദമാണ് നിങ്ങളുമായി പങ്കുവക്കാന്‍ ശ്രമിച്ചത്. സ്വവര്‍ഗ ലൈംഗികത ഒരു മിഥ്യ അല്ല. പൊള്ളുന്ന യാദാര്‍ത്ഥ്യം തന്നെയാണ്. പക്ഷെ അതാണ് സ്വാതന്ത്ര്യം കാംക്ഷിക്കുന്ന സ്ത്രീകള്‍ പിന്തുടരേണ്ട ഏക മാര്‍ഗം എന്ന് ഏതോ ഭൂതാവേശിതയെപ്പോലെ വിളിച്ചു പറയുമ്പോള്‍ കൂടെ ഉയര്‍ത്തിയ ന്യായങ്ങള്‍ തീര്‍ത്തും ബാലിശമായിപ്പോയി.
സ്വവര്‍ഗ അനുരാഗികള്‍ആരോടും പോരാടാണോ പകരം വീട്ടാനോ അല്ല ആ വഴി തിരഞ്ഞെടുക്കുന്നത്. തിരഞ്ഞെടുക്കേണ്ടത്. ജീവിതത്തിന്റെ സംതൃപ്തി അതാണെന്ന് തോന്നുമ്പോള്‍ അതിനായി മാത്രമാണ്. അതിനെക്കുറിച്ചുള്ള പഠനങ്ങള്‍ ഏതെങ്കിലും വായിക്കാനുള്ള സമയം ലേഖിക കണ്ടെത്തിയിരുന്നെങ്കില്‍ ഈ ജല്പനങ്ങള്‍ ഒഴിവാകുമായിരുന്നു എന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്. ഒരാള്‍ എങ്ങനെ സ്വവര്‍ഗ ലൈംഗികത ഇഷ്ടപ്പെടാന്‍ തുടങ്ങുന്നു എന്നതിന്റെ കാരണങ്ങളും അയാളുടെ മാനസിക വ്യാപരങ്ങളുമെല്ലാം വസ്തുനിഷ്ടമായിതന്നെ പ്രതിപാദിക്കുന്ന ഒരുപാടു ലേഖനങ്ങളും പുസ്തകങ്ങളും ഇറങ്ങിയിട്ടുള്ളതാണ്. ലേഖിക അതൊന്നും കാണാന്‍ ശ്രമിചിട്ടുണ്ടാവില്ല്ല എങ്കിലും വായനക്കാന്‍ ലെഖികയെപ്പോലെ ലോകത്തെ കുറിച്ചു സമൂഹത്തെക്കുറിച്ച് നിലപാടുകളോ അഭിപ്രായങ്ങളോ അവബോധമോ ഇല്ലാത്തവരാണെന്നു ധരിക്കരുത്. നാടകം പോലെ ഫാന്ടസിയാണ് ജീവിതമെന്നും ധരിക്കരുത്. വേദിയില്‍ ഒരു തുണി വീശി ഇതാണ് കാറ്റു എന്ന് പറഞ്ഞാല്‍ ഒരു വല കാണിച്ചു ഇതാണ് ആഗോള മുതലാളിത്തത്തിന്റെ കിരാത ഹസ്തങ്ങള്‍ എന്ന് പറഞ്ഞാല്‍ കാണികള്‍ സമ്മതിചെക്കാം. പക്ഷെ ആ ഒരു സങ്കല്‍പം യാഥാര്‍ത്യങ്ങളില്‍ വരുമ്പോള്‍ വെറും ഭ്രാന്തു മാത്രമായി മാറുകയാണ്. നാടകത്തില്‍ ബിംബങ്ങള്‍ വലുതാണ്. പക്ഷെ ജീവിതത്തില്‍ ബിംബങ്ങള്‍ക്ക് എത്ര വിലയുണ്ടെന്ന് നാടക നടി കൂടിയായ ലേഖിക മനസിലാക്കേണ്ടിയിരിക്കുന്നു. യാഥാര്‍ത്യങ്ങള്‍ പറയുമ്പോഴുള്ളതിനേക്കാള്‍ ശ്രദ്ധിക്കപ്പെടുക ഉട്ടോപ്യന്‍ ചിന്തകളുടെ കയറഴിച്ചു വിടുംബോഴാനെന്നു അവളെക്കൊണ്ട് പാവക്കൂത്ത് നടത്തുന്ന മിടുമിടുക്കര്‍ ചിന്തിച്ചിരിക്കാം. നടുറോഡില്‍ മാന്യമായി നടക്കുന്നവരെ ശ്രദ്ധിക്കുന്നവര്‍ കുറവായിരിക്കാം. തുണിയില്ലാതെ ഓടുന്ന ഒരാളെ എല്ലാവരും ശ്രദ്ധിച്ചെന്നും വരാം. പക്ഷെ ആ ശ്രദ്ധയുടെ മാനം എന്താണെന്ന് ആ മിടുമിടുക്കര്‍ ലേഖികയെ പറഞ്ഞു മനസിലാക്കിയിരുന്നെങ്കില്‍.