Thursday, June 25, 2009

അഭിസാരികമാര്‍ കരാട്ടെ പഠിക്കുന്നു....

(ചിത്രത്തില്‍ ക്ലിക്ക് ചെയ്‌താല്‍ വാര്ത്ത വായിക്കാം)

സത്യത്തില്‍ ഈയൊരു പോസ്റ്റ് നിങ്ങളുടെ അഭിപ്രായങ്ങള്‍ക്ക് വേണ്ടി മാത്രമാണ്. ഇതിന് മുന്പ് ഞാനെഴുതിയ ഒരു ബ്ലോഗിനെ വിമര്‍ശിച്ചും അനുകൂലിച്ചും ഒരുപാടു പേര്‍ അഭിപ്രായം അറിയിച്ചിരുന്നു. ഇതു മാതൃഭൂമി പത്രത്തില്‍ വന്ന ഒരു വാര്‍ത്തയാണ്. ഇതിനെ പറ്റി ഇതിന്റെ ആവശ്യകതയെ പറ്റി നിങ്ങളുടെ അഭിപ്രായങ്ങള്‍ അറിയിക്കുക. എന്റെ അഭിപ്രായം ഒടുവില്‍ അടുത്തൊരു പോസ്റ്റായി കാണാം.

Tuesday, June 23, 2009

അഭിസാരിക അധ്യാപികയാവുമ്പോള്‍...

ചരിത്രം മുന്നോട്ടു നീങ്ങിയത് എന്നും ശരിയും തെറ്റും തമ്മിലുള്ള പോരാട്ടങ്ങളിലൂടെയാണെന്ന് പലരും പറഞ്ഞു കേള്‍ക്കാറുണ്ട്. ആണോ???
ഒന്നു ഓര്‍ത്തു നോക്കൂ...
ശരിയും തെറ്റും നിശ്ചയിക്കപ്പെടുന്നത് എവിടെയാണ്... പോരാട്ടങ്ങളുടെ ഒടുവില്‍ മാത്രമല്ലേ.... ജയിച്ചവര്‍ ശരി. പരാജിതര്‍ തെറ്റ്. അതിനപ്പുറം എന്ത് വ്യാഖ്യാനമാണ് ചരിത്ര പണ്ഡിതര്‍ നമുക്കു തന്നിട്ടുള്ളത്. പക്ഷെ എനിക്ക് തോന്നുന്നത് ലോകത്തിലെ പോരാട്ടങ്ങളെല്ലാം രണ്ടു ശരികള്‍ തമ്മിലായിരുന്നു എന്നാണ്. എന്‍റെ ശരിയും നിങ്ങളുടെ ശരിയും തമ്മില്‍ യോജിക്കാതെ വരുമ്പോള്‍ അവിടെ സംഘര്‍ഷം ഉണ്ടാകുന്നു. കീഴടക്കപ്പെടുന്ന അല്ലെങ്കില്‍ കീഴ്പ്പെടുന്ന ശരികള്‍ തെട്ടുകലെന്നു പിന്നീടുള്ളവര്‍ പഠിക്കുന്നു.

ശരി തെറ്റുകളെക്കുറിച്ച് ഇത്രയും പറയാന്‍ കാരണം മാതൃഭൂമി ആഴ്ചപ്പതിപ്പിന്റെ ഏപ്രില്‍ - 26 ലക്കത്തില്‍ (87 : 7) തന്‍റെ ശരികളെ ലോകത്തോട്‌ പറയാന്‍ ഒരു സ്ത്രീ നടത്തുന്ന അധര വ്യായാമം കണ്ടത്‌ കൊണ്ടാണ്. ഇംഗ്ലീഷ്‌ അറിയാത്ത നളിനി ജമീല തന്‍റെ അടുത്ത പുസ്തകം ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്നു എന്ന് ശ്രീ ബൈജു നടരാജനോട് അഭിമുഖത്തില്‍ അവര്‍ പറയുന്നുണ്ട്. അതിനുള്ള കാരണം പക്ഷെ മലയാളികളെ പരോക്ഷമായി അധിക്ഷേപിക്കുന്നതായിപ്പോയി. എങ്കിലും അതിനെക്കാള്‍ വേദനിപ്പിച്ചത് പുസ്തകത്തിന്‍റെ ഉള്ളടക്കത്തെക്കുറിച്ച് അവര്‍ നടത്തിയ പരാമര്‍ശങ്ങളാണ്. അത് മനസിലുണ്ടാക്കിയ അസ്വാസ്ഥ്യം പറയാതിരിക്കാനാവുന്നില്ല.

പുതിയ പുസ്തകത്തിന്‍റെ പ്രതിപാദ്യങ്ങളില്‍ പ്രമുഖം എന്ന് അവര്‍ പറയുന്നതു താഴെപറയുന്ന കാര്യങ്ങളാണ്.

# ജീവിതത്തില്‍ "ക്ലൈന്റുകള്‍ക്കുള്ള" സ്ഥാനം.
# ആണുങ്ങളുടെ സ്വഭാവരീതികള്‍.
# അപകടങ്ങള്‍ തരണം ചെയ്ത രീതികള്‍.....

ഇതില്‍ പ്രസ്താവിക്കാന്‍ പോകുന്ന അപകടങ്ങളും, സ്വഭാവരീതികളും എന്തായിരിക്കുമെന്ന് ഇപ്പോഴേ നമുക്കു ഊഹിക്കാവുന്നതെ ഉള്ളു. പക്ഷെ അപകടം അതല്ല. അവര്‍ തന്‍റെ വഴി തെറ്റാണെന്നല്ല പകരം സ്വയം ഒരു മാതൃകയായാണ് ലോകത്തെ പഠിപ്പിക്കാന്‍ പോകുന്നത്. നമ്മുടെ പെണ്‍കുട്ടികള്‍ കണ്ടു കെട്ടും പഠിക്കേണ്ടത് ഇവരെയാണോ? നൂറിലധികം കുട്ടികള്‍ അവരുടെ പുസ്തകം വാങ്ങി അവരുടെ കയ്യൊപ്പ് ചാര്‍ത്താന്‍ ക്യൂ നിന്നുവന്നു കേട്ടപ്പോള്‍; അത് സത്യമാണെങ്കില്‍; നമ്മുടെ സമൂഹത്തിന്‍റെ അച്ചടക്കവും, ധാര്‍മികതയും അതിന്റെ ഈടവും ദുര്‍ബലമായ ആഴങ്ങളില്‍ എത്തപ്പെട്ടിരിക്കുന്നു എന്നാണ് തോന്നിയത്. തന്നെ "അധ്യാപികയായി" ആണ് കാണാന്‍ ആഗ്രഹിക്കുന്നതെന്ന് പറഞ്ഞ കുട്ടികള്‍ക്ക്‌ മുന്നില്‍ ഞെളിഞ്ഞിരുന്നു കയ്യൊപ്പ് ചാര്‍ത്തുമ്പോള്‍ എന്നെ മാതൃകയാക്കരുതെന്നു ഒരു വാക്കു ആ കുട്ടികളോട് പറഞ്ഞിരുന്നെങ്കില്‍ അവര്‍ മനസാക്ഷിയുള്ളവള്‍ എന്ന് കരുതാമായിരുന്നു. ഒരു അധ്യാപികയുടെ സ്ഥാനം, അര്‍ത്ഥം എന്താണെന്ന് അവര്‍ക്ക്‌ അറിയില്ലായിരിക്കാം. പക്ഷെ കുറഞ്ഞ പക്ഷം ഒരു അഭിസാരികയെ അധ്യാപികയാക്കിയിട്ട്എന്താണ് ആ കുട്ടികള്‍ പഠിക്കാന്‍ പോകുന്നതെന്ന് അവരുടെ ജല്പനങ്ങള്‍ അച്ചിട്ടു നിരത്തിയ ലേഖകനെങ്കിലും ഓര്‍ക്കണമായിരുന്നു. ഇവര്‍ക്ക് പറയാനും പഠിപ്പിക്കാനും ഉള്ളതെന്താണ്. ഇവര്‍ പരിചയപ്പെട്ട ആണുങ്ങളുടെ ഇരുളിലെ വൈകൃതങ്ങള്‍ നിറഞ്ഞ സ്വഭാവ രീതികളോ; മാനസികമായി അടുപ്പമോന്നുമില്ലാത്ത പുരുഷന്‍ കിടക്കയില്‍ ഉണ്ടാക്കിയ അപകടങ്ങളെ തരണം ചെയ്ത വൈദഗ്ധ്യങ്ങളോ; അതോ തന്‍റെ അടുത്തേക്ക് വരുന്ന "ക്ലൈന്റുകളെ" എങ്ങനെ സംതൃപ്തരാക്കാം എന്ന വഴികളോ??? കഷ്ടം. ഒരു അധ്യാപികയോട്‌ തോന്നുന്ന ബഹുമാനം ഇവരോട് തോന്നുന്നു എന്ന് ഇവരോട് ആരെങ്കിലും പറയുന്നുണ്ടെങ്കില്‍ അത് തീര്‍ച്ചയായും ഇവരെ എന്തോ ആവശ്യത്തിനു ഉപയോഗിക്കുന്നവര്‍ മാത്രമായിരിക്കും. ഒരു വേശ്യയോടു ഒരാള്‍ക്കും ബഹുമാനം തോന്നില്ല. അവരുടെ വഴികളെ പുല്‍കണമെന്നു ആഗ്രഹിക്കാത്ത ഒരാള്‍ക്കും.

അവര്‍ അതില്‍ ഒരു "ബ്രാഹ്മണ്യത്തെക്കുറിച്ച്" പറയുന്നുണ്ട്. അത് വായിച്ചപ്പോള്‍ സഹതാപം തോന്നിയത് അവരോടല്ല, മരിച്ചു അത് വലിയൊരു സംഭവമാണെന്ന മട്ടില്‍ എന്താണ് അതിന്‍റെ അര്‍ത്ഥമെന്നു ചോദിച്ച ബൈജു നടരാജനോടായിരുന്നു. അതിന് അവര്‍ പറഞ്ഞ മറുപടി അവരുടെ പാമാരത്വം മുഴുവന്‍ വെളിപ്പെടുതുന്നതുമായി. ആ വാക്കിനു അവര്‍ അവര്‍ നല്‍കുന്ന അര്‍ത്ഥം അതാണെങ്കില്‍ അധ്യാപിക എന്നതിന് അവര്‍ നല്‍കുന്ന അര്‍ത്ഥം ചിലപ്പോള്‍ അഭിസാരികയില്‍ നിന്നും ഏറെ അകലെയായിരിക്കില്ല. അത്തയിരിക്കാം ഒരു പക്ഷെ തന്നെ അധ്യാപിക എന്ന് വിളിച്ച കുട്ടികള്‍ക്ക്‌ മുന്നില്‍ തലയും കുലുക്കി ഇരുന്നത്. അവര്‍ എഴുത്തുകാരി കൂടിയാണെന്ന തലക്കെട്ട് തന്നെ വായനക്കാരെ മുഴുവന്‍ പരിഹസിക്കുന്നതായിപ്പോയി. എഴുതാനറിയാത്ത അവരെ എഴുത്തുകാരിയെന്നു വിശേഷിപ്പിക്കാന്‍ ബൈജു നടരാജനല്ലാതെ മറ്റാര്‍ക്കും കഴിയില്ല.ഓര്‍മ വരുന്നതു വ്യാകരണ പിശകില്ലാതെ അവര്‍ക്കു പറയാന്‍ കഴിയുന്നത്‌ അസഭ്യ വാക്കുകള്‍ മാത്രമാണെന്ന് ഒരിക്കല്‍ ഇവരുടെ അഭ്യാസങ്ങള്‍ നേരിട്ടു കണ്ട ഒരു സഹോദരന്‍ പറഞ്ഞതാണ്.

ഒരിക്കല്‍ മലയാളത്തിലെ ഒരു മുന്‍നിര പത്രപ്രവര്‍ത്തകനോടും തമിഴിലെ ഒരു പ്രശസ്ത സാഹിത്യകാരനോടും കൂടെ ഒരു ഹോട്ടലില്‍ വന്നു മദ്യപിച്ചു അവര്‍ കാട്ടിയ കോപ്രായങ്ങള്‍ക്ക്‌ അവനും സാക്ഷിയായിരുന്നു. അത്രയും അസഭ്യമായ വാക്കുകള്‍ അതുവരെ അവന്‍ കേട്ടിരുന്നില്ലത്രേ!!! ആ ഒരു സംഭവം അറിയുന്നത് കൊണ്ടു തന്നെ അവസാനം അവര്‍ പറഞ്ഞ നുണക്കഥയുടെ കാര്യവും പറയാതെ വയ്യ.

2006 -ഇല്‍ ഒരിക്കല്‍ ബസില്‍ വരുമ്പോള്‍ പുറകില്‍ നിന്നും തള്ളിയ ഗ്ലാസ്‌ കൈയില്‍ തട്ടി വേദനിച്ചപ്പോള്‍ പുറകില്‍ ഇരിക്കുന്ന ആളെ നോക്കി ദേഷ്യത്തോടെ കണ്ണുരുട്ടിയെന്നും അപ്പോള്‍ അയാള്‍ എഴുന്നേറ്റു ബഹളമുണ്ടാക്കി ഇവര്‍ ഒരു നല്ല സ്ത്രീ അല്ല എന്ന് പറഞ്ഞെന്നും അവര്‍ പറയുന്നു. വെറുതെ നോക്കി ഒന്നു കണ്ണുരുട്ടിയത്തിനു ഒരു ആള്‍ ബഹളമുണ്ടാക്കി ഇവര്‍ ഒരു നല്ല സ്ത്രീ അല്ല എന്ന് പറയുന്നതു വിശ്വസിച്ചു അതെ പടി എഴുതാനും ബൈജു നടരാജനല്ലാതെ മറ്റാര്‍ക്കും കഴിയുമെന്ന് തോന്നുന്നില്ല. അവരുടെ സ്വഭാവ മഹിമ അനുസരിച്ച് വായില്‍ തോന്നിയ അസഭ്യങ്ങളെല്ലാം വിളിച്ചു കാണണം. (മദ്യപിച്ചിരുന്നോ എന്ന് ആര്‍ക്കറിയാം). അറിയാതെ ഗ്ലാസ്‌ ഒന്നു മുന്നോട്ടു നീക്കിയപ്പോള്‍ ഉണ്ടായ പ്രതികരണം അയാളെക്കൊണ്ട് "ഇവര്‍ ഒരു നല്ല സ്ത്രീ അല്ല" എന്ന് പറയിപ്പിച്ചിട്ടുന്ടെന്കില്‍; കൂടാതെ കൂടെയുള്ള യാത്രക്കാരെല്ലാം ഇവരുടെ എതിര്‍ പക്ഷം നിന്നു എന്ന് പറയുകയും ചെയ്യുമ്പോള്‍ അവിടെ എന്താണ് ഉണ്ടായതെന്ന് അവര്‍ പറയുന്ന നുണ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ശ്രീ ബൈജുവിനോളം മണ്ടന്മാരാണോ വായനക്കാരെല്ലാം.

സ്ത്രീയുടെ ശരീരത്തില്‍ അനാവശ്യമായി ഒരു പുരുഷന്‍ സ്പര്‍ശിച്ചാല്‍ അത് പ്രതികരിക്കപ്പെടെണ്ടത് തന്നെയാണ്. പക്ഷെ ഇവിടെ വിശുദ്ദ ജമീലയുടെ ശരീരത്തില്‍ ആരും തൊട്ടില്ല. സ്പര്ശിചവരോട് ജമീല എന്താണ് ചെയ്യരുള്ളതെന്ന് അവരുടെ ആത്മകഥയില്‍ പറയുന്നുണ്ടല്ലോ. സത്യത്തില്‍ അവര്‍ ചെയ്യുന്നതെന്തെന്ന് അവര്‍ അറിയുന്നില്ല. നളിനി ജമീല, റെജീന, ഷീല, നന്ദു, പിന്നെ ലൈംഗികന്യൂനപക്ഷ ആക്ടിവിസ്റ്റുകള്‍ എന്നപേരില്‍ നടക്കുന്ന ഒരുപാട് ഹതഭാഗ്യര്‍, ഇവരെല്ലാം ആരുടെയൊക്കെയോ കരവപ്പശുക്കള്‍ മാത്രം. അവരെ ഇത്തരമൊരു വേഷത്തില്‍ നെറ്റിപ്പട്ടം കെട്ടിച്ചു സമൂഹത്തിന്റെ മുന്നില്‍ എഴുന്നള്ളിച്ചു നിര്ത്തി മുതലെടുപ്പ് നടത്തുന്ന; വിദേശങ്ങളില്‍ നിന്നു നാലു ചക്രം ഇവരുടെ പേരില്‍ എണ്ണി വാങ്ങുന്ന; അവരുടെ ദുരന്തങ്ങളെ വാര്‍ത്തകള്‍ ആയും, കഥകള്‍ ആയും അച്ചടിച്ചു അവാര്‍ഡുകളും പ്രശസ്തിയും പണവും നേടുന്ന മാധ്യമങ്ങളുടെയും ആധുനിക സാമൂഹിക സേവനത്തിന്റെ ഇരകള്‍. ഉത്സവങ്ങളില്‍ കോലമേന്തുന്ന ആനകളുടെ സ്ഥാനം മാത്രമെ ഇവര്‍ക്കുള്ളൂ. അതില്‍ നിന്നും അവര്ക്കു ലഭിക്കുന്നതും കേവലം വിശപ്പടക്കാന്‍ കുറച്ചു പട്ടകള്‍ മാത്രം. അതിന് പുറകില്‍ അണിയറയില്‍ നേരത്തെ പറഞ്ഞ ആധുനിക സേവനക്കരുടെ നേട്ടങ്ങള്‍ ഇവര്‍ അറിയുന്നില്ല. അറിഞ്ഞാലും അത് മനസിലാക്കാനുള്ള വിവേചന ശേഷി ഇവര്‍ക്കില്ല എന്നതിന്റെ തെളിവാണല്ലോ ഇന്നു നടന്നു കൊണ്ടിരിക്കുന്ന ആക്ടിവിസങ്ങള്‍ എല്ലാം. എന്തായാലും നളിനി ജമീല ഒരു കാര്യം തുറന്നു സമ്മതിക്കുന്നു. തന്നെ അറിയാമെന്ന് പറയാന്‍ പോലും മടിയുള്ളവരാണ് സിംഹഭാഗവും എന്ന്. അത്രയെങ്കിലും മനസിലാക്കിയത് ഭാഗ്യം.

അവരോട് അവസാനമായി പറയാന്‍ ഒന്നു മാത്രം. സമൂഹം നിങ്ങളോടല്ല, മറിച്ചു നിങ്ങള്‍ സമൂഹത്തെ ആണ് ദ്രോഹിച്ചു കൊണ്ടിരിക്കുന്നത്. നിങ്ങള്‍ കാരണം തകരുന്ന എത്ര കുടുംബങ്ങള്‍, എത്ര കുഞ്ഞുങ്ങളുടെ കണ്ണീര്‍ തുള്ളികള്‍, ഇതൊന്നും നിങ്ങളുടെ കാഴ്ച്ചയിലെതുന്നില്ലേ. നിങ്ങളോട് ദ്രോഹം ചെയ്യുന്നത് അവരാണ്. നിങ്ങളുടെ ദയനീയതയെ മുതലെടുക്കുന്നവര്‍. കെട്ടി എഴുന്നള്ളിച്ചു ഒടുവില്‍ ഒരു മൂലക്കിരുതുന്നവര്‍. നിങ്ങളുടെ പ്രശ്നങ്ങള്‍ എല്ലാം പരിഹരിക്കാമെന്നും സമൂഹത്തില്‍ നിങ്ങള്ക്ക് സ്ഥാനം നേടിതരാമെന്നും; അവരുടെ പ്രശസ്തിക്കും പണത്തിനും വേണ്ടി ; നിങ്ങളെ പറഞ്ഞു പറ്റിക്കുന്ന ആധുനിക സാമൂഹിക സേവകര്‍. അവരെയാണ് നിങ്ങള്‍ തിരിച്ചറിയേണ്ടത്. അവര്‍ക്കെതിരെയാണ് നിങ്ങള്‍ പ്രതികരിക്കേണ്ടത്. പിന്നെ സമൂഹത്തിലെ സ്ഥാനവും ബഹുമാനവും. അത് വേശ്യ എന്ന വാക്കു മാറ്റി ലൈംഗിക തൊഴിലാളി എന്ന് ആക്കി മാറ്റിയിട്ടും എളുപ്പം നേടിയെടുക്കാവുന്ന ഒന്നല്ല എന്ന് ഇതിനകം മനസിലായിക്കാണുമല്ലോ. പക്ഷെ അത് അസാധ്യമല്ല. അതുകൊണ്ട് അതിനായി പരിശ്രമിക്കാന്‍ ശ്രമിക്കൂ... ഇത്തരം നെഗറ്റീവ് പ്രശസ്ത്തി അതിന് പകരമാവില്ല. ഒരിക്കലും.

Wednesday, June 17, 2009

മാധ്യമ ധര്‍മം - കൌമുദി മോഡല്‍.


നിഷ്പക്ഷം എന്നൊരു പക്ഷം ലോകത്തുണ്ട് എന്നാരെങ്കിലും പറയുകയാണെങ്കില്‍ മനസിലോര്‍ക്കുക; അതും കേവലം ഒരു പക്ഷം മാത്രമാണ്. അത് കൊണ്ടു തന്നെയാണ് നമ്മള്‍ എവിടെ നില്‍ക്കണം എന്നതീരുമാനത്തിന് പ്രസക്തി എറുന്നതും. കേവല അര്‍ത്ഥത്തില്‍ നിഷ്പക്ഷമെന്നത് ക്രിയാത്മകമായ പ്രായോഗികത അല്ലെന്നിരിക്കെ സ്വതന്ത്രമായ പക്ഷം ചേരല്‍ ഒരിക്കലും തെറ്റായ പ്രവണതയാണെന്ന് പറയാനാവില്ല. ഒരര്‍ത്ഥത്തില്‍ നിഷ്ക്രിയമായ നിഷ്പക്ഷതയെക്കള്‍ ലോകത്തെ എന്നും മുന്നോട്ടു നയിച്ചിട്ടുള്ളത് യുക്തിപൂര്‍വമായ പക്ഷപാതങ്ങളുടെ സംഘര്‍ഷങ്ങള്‍ തന്നെയാണ്. പക്ഷെ വ്യക്തികള്‍ക്കപ്പുറത്ത് സമൂഹതിനപ്പുറത്ത് ലോകത്തിന്റെ നയനങ്ങള്‍ ആകേണ്ട മാധ്യമങ്ങള്‍ പക്ഷം ചേരുമ്പോള്‍ അതിന് പ്രാധാന്യം ഏറെയാണ്‌. അതിന്റെ പ്രതിഫലനങ്ങളും വിപുലമാണ്.

ജനാധിപത്യ സമൂഹത്തില്‍ മാധ്യമങ്ങള്‍ക്കുള്ള സ്ഥാനം ഇന്നു മുന്പെന്നതെക്കാളും തന്ത്രപ്രധാനമാനെന്നതില്‍ രണ്ടു പക്ഷമില്ല. ജനങ്ങള്‍ മറ്റെന്തിനെക്കാളും കൂടുതലായി അവയുടെ ശബ്ദത്തിനു കാതോര്‍ക്കുന്നു. വില നല്‍കുന്നു. അത് കൊണ്ടു തന്നെ ജനങ്ങളോടും അത് വഴി സമൂഹത്തോടും വലിയൊരു കടമയാണ് മാധ്യമങ്ങള്‍ക്ക് നിറവേറ്റാന്‍ ഉള്ളത്. അതിന്റെ പ്രതിഫലനങ്ങള്‍ ആണ് അടുത്തിടെ ഭരണപരവും ആത്മീയവും ആയ അധികാര കേന്ദ്രങ്ങള്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ച പല അഴിമതികളും അപരാധങ്ങളും കുറച്ചെങ്കിലും നീതിയുടെ പാതയിലേക്ക് തിരിച്ചു വിടപ്പെട്ടത്‌. അന്നെല്ലാം അതിനായി അനീതിയുടെ മുന്നില്‍ നിര്‍ഭയത്തോടെ ജനങ്ങള്‍ക്കു വേണ്ടി നിന്ന മാധ്യമങ്ങളില്‍ പ്രഥമസ്ഥാനീയമായ പത്രമായിരുന്നു കേരള കൌമുദി. ചരിത്രത്തില്‍ ഇത്തരം ഒരുപാടു നിര്‍ണായക നിമിഷങ്ങളില്‍ സ്വതന്ത്രവും ധീരവുമായ നിലപാടുകള്‍ എടുക്കാന്‍ കാണിച്ച ആര്‍ജവമാണ് കൌമുദിക്ക് ജനങ്ങളുടെ മനസ്സില്‍ കരുത്തുറ്റ ഒരു പ്രതി രൂപം നല്കിയത്.

അടുത്തിടെ അഭയ കേസില്‍ വരെ സുധീരമായ നിലപാടുകള്‍ കൈകൊണ്ട കൌമുദി ഈ ജൂണ്‍ 9 - ആം തിയതി അതില്‍ നിന്നെല്ലാം പിന്തിരിഞ്ഞു പിണറായി വിജയന്‍റെ പാദങ്ങളില്‍ തൂലിക സമര്‍പ്പിച്ചു നില്ക്കുന്ന ദയനീയ കാഴ്ച ഒട്ടേറെ സങ്കടത്തോടും അതിലേറെ ഞെട്ടലോടെയും മാത്രമെ ഒരു സാധാരണക്കാരന് കാണാനാവൂ... മുന്‍ പേജ് മുഴുവന്‍ ഗവര്‍ണറുടെ വിമര്‍ഷങ്ങല്‍ക്കായി വിട്ടുകൊടുത്ത കൌമുദി എഡിറ്റോറിയല്‍ അതിലേറെ വിജയസ്തുതികളാല്‍ അലങ്കരിക്കുകയാനുണ്ടായത്. തലേ ദിവസം മറ്റു പത്രങ്ങളെല്ലാം ഗവര്‍ണറുടെ തീരുമാനത്തെ അനുകൂലിച്ചു എഡിറ്റോറിയല്‍ എഴുതിയപ്പോള്‍ എഡിറ്റോറിയല്‍ കൊളമേ ഇല്ലാതെയാണ് കൌമുദി പ്രസിദ്ധീകരിച്ചത്. അത് പക്ഷെ ഇത്തരം ഒരു അന്ധമായ എഡിറ്റോറിയല്‍ അടുത്ത ദിവസതെക്കായി മാറ്റി വച്ചതുകൊണ്ടാനെന്നു കമ്മ്യുണിസ്റ്റു പാര്‍ട്ടിക്കാര്‍ കരുതിയിട്ടുണ്ടാവില്ല.

തങ്ങളുടെ നേതാവിനെ സംരക്ഷിക്കുന്ന ഒരു തീരുമാനം പാര്‍ട്ടി ഭരിക്കുന്ന സര്‍ക്കാര്‍ എടുക്കുന്നത് സ്വാഭാവികമാണെങ്കിലും അത് നീതിപൂര്‍വമാണെന്ന് പറയാനാവില്ല. എന്നിരുന്നാലും ജനങ്ങളുടെ ഭൂരിപക്ഷമുള്ള ഒരു സര്‍ക്കാരിന് അങ്ങനെ ഒരു തീരുമാനം കൈകൊള്ളാനുള്ള സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഇന്നു ജനങ്ങളുടെ പിന്തുണ ഇല്ലാത്ത ഒരു സര്‍ക്കാര്‍ (തെരഞ്ഞെടുപ്പ് ഫലം കാണാതിരിക്കാന്‍ മാത്രം തിമിരം പത്രാധിപരെ ബാധിച്ചിട്ടില്ല എന്ന് കരുതട്ടെ) അവരുടെ നേതാവിനെ നിയമത്തിന്റെ വഴിയിലൂടെ നിരപരാധിയെന്ന് തെളിയിക്കാന്‍ സഹായിക്കുന്നതിനു പകരം അധാര്‍മ്മികമായി നിയമത്തിന്റെ കണ്ണുകളില്‍ നിന്നും മറക്കാന്‍ ശ്രമിക്കുമ്പോള്‍ അത് കാണാതിരിക്കാന്‍ കൌമുദിയോളം അന്ധത ഗവര്‍ണര്‍ക്ക്‌ ബാധിച്ചിട്ടില്ല എന്നതിന്റെ തെളിവാണ് അദ്ധേഹത്തിന്റെ തീരുമാനം. അതിനെതിരെ മുന്‍പെങ്ങുമില്ലാത്ത രോഷത്തില്‍ തെരുവ് ഭാഷയില്‍ എഡിറ്റോറിയല്‍ എഴുതിയ പത്രാധിപര്‍ ഒന്നോര്‍ക്കുക. ഇപ്പോള്‍ ജന പിന്തുണ തെളിയിച്ച യു ഡി എഫ്‌ ന്റെ ഒപ്പമാണ് ജനങ്ങള്‍. അവര്‍ ഉയര്‍ത്തിയ ലാവ്‌ലിന്‍ നിലപാടാണ്‌ ബാലറ്റിലൂടെ ജനങ്ങള്‍ അംഗീകരിച്ചത്. അല്ലാതെ മൂന്നു വര്ഷം മുന്പ് കിട്ടിയ ജനസമ്മതിയുടെ സാങ്കേതികത്വതില്‍ മാത്രം തുടരുന്ന ഒരു മന്ത്രി സഭ കണ്ണടച്ച് ലോകം മുഴുവന്‍ ഇരുട്ടിലാനെന്നു കരുതി ഏകകണ്ടമെന്നു പറഞ്ഞെടുത്ത തീരുമാനമല്ല. ജസ്റിസ് ഹേമ നടത്തിയതിനെക്കാള്‍ കൂടുതല്‍ തീരുമാനങ്ങള്‍ രാഷ്ട്രീയം കളിച്ച് എടുത്ത എ.ജി. യെ ഓര്‍ക്കുന്നതില്‍ അല്‍ഷിമേഴ്സ് ബാധിച്ച കൌമുദി വിജയന്‍റെ കവല പ്രസംഗം പോലെ ഗവായിയുടെ "ഈര്‍ക്കില്‍ പാര്‍ട്ടിയെ " പരാമര്‍ശിക്കുമ്പോള്‍ ചോദിയ്ക്കാന്‍ ഒന്നു മാത്രം. ഇന്നലെ വരെ നിങ്ങളെ വിമര്‍ശിച്ച , നിങ്ങള്‍ വിമര്‍ശിച്ച ഈ വിജയന്‍ ഇപ്പോള്‍ നിങ്ങള്ക്ക് എന്താണ് തന്നത്. ഞങ്ങള്‍ വായനക്കാരെ നിങ്ങള്‍ വില്‍പനച്ചരക്കാക്കി വില പെശരുതെന്നു ബഹുമാന്യനായ പത്രാധിപര്‍ കെ. സുകുമാരന്റെ പിന്തലമുരക്കരോടപെക്ഷ.

ദേശാഭിമാനിയോ, ഫാരിസിന്റെ പത്രമോ, മൈലാപൂര്‍ സ്വാമിയുടെ ഇംഗ്ലീഷ്‌ ദേശാഭിമാനിയോ ഇത്തരം താളുകള്‍ അടിച്ചിരക്കിയാല്‍ അതിശയപ്പെടാനില്ല. കുറ്റം പറയാനും കഴിയില്ല. കാരണം അവരുടെ നിലപാടുകളും താല്പര്യങ്ങളും സുവ്യക്തമാണ്. സ്വന്തം പക്ഷം ന്യായീകരിക്കാന്‍ മറ്റു പത്രത്തിന്റെ എഡിറ്റോറിയല്‍ തര്‍ജമ ചെയ്തു പ്രസിദ്ധീകരിക്കുന്നത് ഒരു പത്രത്തിന്റെ ശക്തിയല്ല ദയനീയതയാണ് കാണിക്കുന്നത്. പക്ഷെ നിങ്ങള്‍ ഒന്നോര്‍ക്കുക. ആ ഒരു വളഞ്ഞ ദൃഷ്ടിയുള്ള ഇംഗ്ലീഷ് മുഖപ്രസംഗം ചെലുത്തുന്ന സ്വാധീനതെക്കള്‍ ആയിരം മടങ്ങ് വലുതാണ്‌ ഇന്നു വിജയനെതിരെ പുറത്തു വന്നു കൊണ്ടിരിക്കുന്ന തെളിവുകള്‍. അഭയ കേസില്‍ നിങ്ങളെ ജനം നെഞ്ചോടു ചേര്‍ത്തത് സത്യം പുറത്തു കൊണ്ടു വരാന്‍ കാണിച്ച ഉത്സാഹമാണ്. എന്നാല്‍ ഇന്നു സത്യം മറക്കാന്‍ നിങ്ങള്‍ ഉള്സാതിക്കുന്നത് കാണുമ്പോള്‍ പുച്ഛം തോന്നുന്നു. സത്യസന്ധതയുടെയും നിര്‍ഭയതിന്റെയും മുഖം ഉയര്‍ത്തിപ്പിടിച്ച പത്രം പെട്ടെന്നൊരു ദിനം ഒട്ടക പക്ഷിയെ പോലെ അസത്യത്തിന്റെ മണ്ണില്‍ തല പൂഴ്ത്തി വിസര്‍ജിക്കുംപോള്‍ മലിനമാക്കപ്പെടുന്നത്‌ നിങ്ങള്‍ തന്നെ മുറുകെ പിടിച്ചു വളര്‍ത്തിയ മാധ്യമ സംസ്കാരം തന്നെയാണ്.
കൌമുദിയുടെ മുഖ പ്രസംഗത്തിലെ ചില വാചകങ്ങള്‍ ഇവിടെ പരാമര്‍ശിക്കാതെ വയ്യ.
1.
"ആര് എന്തൊക്കെ പറഞ്ഞാലും ലാവലിന്‍ കേസ് രാഷ്ട്രീയ പ്രേരിതമാനെന്നതില്‍ പക്ഷാന്തരമില്ല"
(കൌമുദിയെ പോലെ നട്ടെല്ല് പണയം വച്ചവര്‍ക്ക് മാത്രം)
2.
"സ്വന്തം സര്‍ക്കാരിനെ രാഷ്ട്രീയമായി വെട്ടിലാക്കിയ തീരുമാനമെടുതത്തിന്റെ പേരില്‍ ഇനി ആ സ്ഥാനത്ത് തുടരാന്‍ ശ്രീ. ഗവായിക്ക് ഒരവകാശവുമില്ല. ഗവര്‍ണര്‍ സ്ഥാനം രാജി വച്ചു എത്രയും വേഗം അദ്ദേഹം തന്റെ പഴയ ഈര്‍ക്കിലി പാര്‍ടിയിലേക്ക് മടങ്ങി പോകണം."
3.
" മന്ത്രി സഭ എടുക്കുന്ന തീരുമാനങ്ങള്‍ വള്ളി പുള്ളി വിടാതെ അംഗീകരിക്കുക എന്നതാണ് ഗവര്‍ണറുടെ ചുമതല."
4.
"ഗവര്‍ണറുടെ ഭരണ ഘടനാ വിരുദ്ധമായ ഈ നടിപടിക്കെതിരെ സര്‍ക്കാര്‍ തന്നെ കോടതിയെ സമീപിക്കെണ്ടാതാണ്. കോടതി തീരുമാനിക്കട്ടെ ഗവര്‍ണറുടെ തീരുമാനത്തിലെ തെറ്റും ശരിയും. പിന്നെ മതി പ്രോസിക്യുഷനും കോപ്പും."
5.
"രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ തോന്നിയ പടി ലോഡ് ഷെടിങ്ങും പവര്‍ കട്ടും ഏര്‍പ്പെടുത്തി വര്‍ഷങ്ങളോളം ജനജീവിതം ദുസ്സഹമാക്കി വന്ന കോപ്രായം അവസാനിപ്പിച്ചതാണ് ഈ മനുഷ്യന്‍ നമ്മോടു ചെയ്ത അപരാധം."
(അപരാധം എന്തെന്ന് ഇനി കോടതി പറയും. അപ്പോള്‍ തലയില്‍ മുണ്ടിട്ടു നടക്കേണ്ടി വരിക കൂടെ പിന്തങ്ങിയവര്‍ക്കും കൂടിയാണെന്ന് ഓര്‍മ്മയുണ്ടായാല്‍ നന്ന്)

സത്യത്തില്‍ ഈ മുഖപ്രസംഗം പത്രത്തിന്റെ എഡിറ്റൊരിയലിനെ അല്ല മരിച്ചു എ.കെ.ജി. സെന്ററില്‍ നിന്നും കീഴ് ഘടകങ്ങളിലേക്ക് നല്കുന്ന സര്‍ക്കുലരിനെ ആണ് ഓര്‍മിപ്പിക്കുന്നത്‌. എന്നിരുന്നാലും കുറച്ചു കാര്യങ്ങള്‍ കൌമുദി പത്രാധിപരുടെ അടഞ്ഞ നയനങ്ങളുടെ സുഖതിനുള്ളിലേക്ക് തെളിയിക്കാന്‍ ആഗ്രഹിക്കുന്നു.

സി.പി.ഐ.(എം) ന്റെ നേതാവായ മുഖ്യമന്ത്രിക്ക്‌ പോലും ഇല്ലാതിരുന്ന രോഷത്തില്‍ കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് തീരുമാനിക്കാന്‍ കൌമുദിയെ പ്രേരിപ്പിച്ചതെന്താണ്? യഥാര്‍ത്ഥത്തില്‍ കേസല്ല പകരം പ്രോസിക്യുഷന്‍ നടപടി വേണ്ടെന്ന മറുപടിക്ക് പകരം പിണറായിയെ നിരപരാധിയെന്ന് വിധിച്ച ഇടതു പക്ഷ സഹചാരിയായ എ.ജി.യുടെയും ഇടതു മന്ത്രി സഭയുടെയും തീരുമാനമല്ലേ രാഷ്ട്രീയ പ്രേരിതം? യഥാര്‍ത്ഥത്തില്‍ കേരളത്തിലെ ഭൂരിപക്ഷം ജനങ്ങളും ആഗ്രഹിക്കുന്നത് പിണറായി നിയമത്തിന്റെ മുന്നില്‍ നിരപരാധിത്വം തെളിയിക്കുന്നത് കാണാനാണ്. അല്ലാതെ ഇടതു മന്ത്രി സഭയുടെയും എ.ജി.യുടെയും മുന്നിലല്ല. ( സി.ബി.ഐ.യുടെ മുന്നില്‍ സിംഗപൂര്‍ യാത്രയെ കുറിച്ചു പരസ്പര വിരുദ്ധമായ മൊഴികള്‍ നല്കിയ അദ്ദേഹത്തിന് അതിന് കഴിയില്ല എണ്ണ ഭയമാവനം പാര്‍ട്ടിക്കും, മൂട് തങ്ങുന്ന കൌമുദിക്കും, അല്ലെ?). ഇടതു നട്ടെല്ലുള്ള ദേശാഭിമാനിയും നട്ടെല്ല് പണയം വച്ച കൌമുദിയും ഒഴികെയുള്ള മാധ്യമങ്ങളും ഇതു തന്നെയാണ് ആവശ്യപ്പെടുന്നത്.

മന്ത്രി സഭയുടെ തീരുമാനം വള്ളി പുള്ളി വിടാതെ അംഗീകരിക്കാനുള്ള സ്ഥാനമാണ് ഗവര്‍ണരെന്നു പത്രാധിപര്‍ ഏത് സ്കൂളിലാണ് പഠിച്ചത്. പ്രവര്‍ത്തനം ശരിയല്ലെന്ന് തോന്നിയാല്‍ മന്ത്രി സഭ പിരിച്ചു വിട്ടു രാഷ്ട്ര പതിഭരണത്തിന് ശുപാര്‍ശ ചെയ്യാനുള്ള അധികാരമുള്ള ആളാണ് ഗവര്‍ണരെന്ന കാര്യം താങ്കളെ ഓര്‍മിപ്പിച്ചു കൊള്ളട്ടെ. വിവേചനാധികാരം ഗവര്‍ണര്‍ക്കില്ലെന്നു ഏത് പുസ്തകത്തിലാണ് താങ്കള്‍ വായിച്ചത്? അത് എന്തൊക്കെ തന്നെ ആയാലും ഈ മുഖപ്രസംഗം വായിക്കുമ്പോള്‍ കേരള കൌമുദി ഒട്ടും തന്നെ വിവേച്ചനാധികാരമില്ലാതെ വെറും റബ്ബര്‍ സ്ടാമ്പായി മാറി പിണറായി വിജയന്‍റെ കാക്കൂട്ടില്‍ വാലും ചുരുട്ടി കിടക്കുകയാണെന്ന് മനസിലാക്കാന്‍ ഏറെഒന്നും ചിന്തിക്കേണ്ട കാര്യമില്ല. പക്ഷെ ഗവര്‍ണറെ നിങ്ങളെ പോലെ അപ്പപ്പോള്‍ കാണുന്നവനെ അപ്പാ എന്ന് വിളിക്കുന്ന റാന്‍ മൂളികള്‍ മാത്രമെന്ന് കരുതരുതെന്നപെക്ഷ.

യദാര്‍ത്ഥത്തില്‍ ഗവര്‍ണര്‍ക്കെതിരെയല്ല, ഗവര്‍ണറെ അപമാനിക്കുന്ന വാക്കുകള്‍ പുലമ്പിയ പത്രതിനെതിരെയാണ് സര്‍ക്കാര്‍ കോടതിയില്‍ പോകേണ്ടത്. ഒരിക്കല്‍ മന്ത്രി സഭ വേണ്ടെന്നു പറഞ്ഞ സി.ബി.ഐ. അന്വേഷണത്തിനു ഉത്തരവിട്ടതും ഇതേ കോടതി തന്നെയെന്നത് മറക്കരുത്. സത്യസന്ധനെങ്കില്‍ പിണറായി എന്തിന് നിയമത്തില്‍ നിന്നും മാറി നടക്കാന്‍ ശ്രമിക്കുന്നു. സത്യത്തിനും നീതിക്കും വേണ്ടി കോടതി കയറുന്നത് അപമാനമല്ല മരിച്ചു അഭിമാനമാനെന്നു പറഞ്ഞ കൌമുദി ഇങ്ങനെ മാറിപോയതെന്തെ? യദാര്‍ത്ഥത്തില്‍ തന്റെ നേരെ ഉയര്ന്ന ആരോപണത്തെ ശരിയല്ലെന്ന് തെളിയിക്കാന്‍ വിജയനോട് കോടതിയെ സമീപിക്കാന്‍ ഉപദേശിക്കുകയായിരുന്നു ഇങ്ങനെ വിജയസ്തുതി പാടുന്നതിനു പകരം കൌമുദിയുടെ പാരമ്പര്യം വച്ചു ചെയ്യേണ്ടിയിരുന്നത്. ഒടുവിലായി പിണറായി ചെയ്ത അപരാധമെന്നു പരാമര്‍ശിച്ചു പറഞ്ഞതു ഇവിടെ നവകേരള മാര്‍ച്ചിലെ കുട്ടി സഖാക്കള്‍ വഴി നീളെ ഒട്ടിച്ച നോടിസിലെ വാക്കുകളും. എന്തായാലും ഒന്നു തീര്‍ച്ചയാണ് പിണറായിയുടെയോ സില്‍ബന്ധികലുടെയോ ഭീഷണിയിലോ പ്രലോഭനങ്ങളിലോ കൌമുദി മൂക്കും കുത്തി വീണിരിക്കുന്നു. ഒരു മാധ്യമത്തെ സംബധിച്ചിടത്തോളം നിലപാടുകളില്‍ മറിച്ചിലുകള്‍ നടത്തുന്നത് സ്വന്തം പിതൃത്വം തള്ളി പറയുന്നതിന് തുല്യമാണ്. ഇത്തരമൊരു നിലപാടാണ്‌ ഇനിയും തുടരാന്‍ പോകുന്നതെങ്കില്‍ ഒന്നു പറയാതിരിക്കാന്‍ വയ്യ. നിങ്ങള്ക്ക് പറഞ്ഞ്ട്ടുള്ളത് പത്ര പ്രവര്‍ത്തനമല്ല. പാദസേവയും കൂട്ടികൊടുപ്പുമാണ്.

പക്ഷം ആര്ക്കും ചേരാം. പക്ഷെ അത് വരെ നിന്ന നിലപാടുകള്‍ക്ക് കടക വിരുദ്ധമായ നിലപാടുകള്‍ എടുക്കുമ്പോള്‍ ഓരോ മാധ്യമങ്ങളും ഓര്‍ക്കേണ്ടതുണ്ട്. പത്രമെന്നത് പത്തോ ഇരുപതോ അച്ചടി പുരണ്ട താളുകള്‍ മാത്രമല്ല, കാലങ്ങള്‍ കൊണ്ടു വായനക്കാരുടെ മനസ്സില്‍ കോറിയിട്ട ഒരു വിശ്വാസം കൂടിയാണ്. പത്രത്തെ വളര്‍ത്തുന്നത് ഡെസ്കിലും ഓഫീസിലും ഇരുന്നു കുത്തിക്കുറിക്കുന്ന കുറച്ചു പത്രപ്രവര്‍ത്തകര്‍ മാത്രമല്ല; ആ വാക്കുകളെ നെഞ്ചില്‍ ഏറ്റിയ ഒരു ജനത കൂടിയാണ്. നിങ്ങളുടെ സ്വാര്‍ഥമായ ലാഭത്തിനു വേണ്ടി അവരെ വില്‍ക്കുമ്പോള്‍ നിങ്ങള്‍ സ്വയം ഇല്ലാതാവുന്നതോടൊപ്പം ഓര്‍മ്മകള്‍ ആക്കുന്നത് നിങ്ങളും പൂര്‍വികരും ചേര്‍ന്ന് ഒരുപാടു മനസുകളില്‍ കോറിയിട്ട പ്രതീക്ഷകളും കൂടിയാണ്. കൌമുദിക്ക് ആ പ്രതീക്ഷകളെ ഇനിയും മുന്നോട്ടു കൊണ്ടു പോകാനുള്ള കരുത്തുണ്ട്. ഏതെങ്കിലും ഭീഷണി നിങ്ങള്‍ക്കെതിരെ ഉണ്ടെങ്കില്‍ ഞങ്ങള്‍ കൂടെയുണ്ട്. പക്ഷെ ഏതെങ്കിലും പ്രലോഭനങ്ങള്‍ക്ക് നിങ്ങള്‍ ഞങ്ങളെ വിട്ടു എങ്കില്‍ ചരിത്രം നിങ്ങള്‍ക്കു ഒരിക്കലും മാപ്പു നല്‍കില്ല. നൂറാം പിറന്നാളിനോട് അടുക്കുന്ന കൌമുദിക്ക് ആ പ്രതീക്ഷകളെ മുന്നോട്ടു കൊണ്ടു പോകാനുള്ള ആര്‍ജവം ഇനിയും ഉണ്ടാകട്ടെ എന്ന് ആശിക്കുന്നു.

പിന്‍ കുറിപ്പ് : കൌമുദി ഫ്ലാഷ്‌ നടത്തിയ പരിപാടികള്‍ ഇപ്പോള്‍ കൈരളി ടിവി പ്രൈം ടൈമില്‍ സംപ്ര്ക്ഷണം ചെയ്യുന്നു. അതും ഈ മുഖപ്രസംഗവും തമ്മിലുള്ള ബന്ധത്തില്‍ എന്തോ ഒരു നാറ്റം സാധാരണക്കാരന് തോന്നിയാല്‍ പത്രാധിപര്‍ക്ക് എന്ത് പറയാനാവും. വിജയനെപ്പോലെ ചോദ്യങ്ങളില്‍ നിന്നും ഓടിയോളിക്കുമോ? അതോ-........

  © Blogger template 'Fly Away' by Ourblogtemplates.com 2008

Back to TOP